| Wednesday, 5th June 2024, 10:46 am

സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടി.എന്‍ പ്രതാപനും ഡി.സി.സി പ്രസിഡന്റും; രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ജോസ് വള്ളൂരും ടി.എന്‍. പ്രതാപനുമാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

‘തൃശൂരിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് ഒരു അകല്‍ച്ചയും അതൃപ്തിയും ഉണ്ട്. അതിന് കാരണം കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വമാണ്. തൃശൂരില്‍ സംഘപരിവാറിന് നട തുറന്ന് കൊടുത്തതിന്റെ ഉത്തരവാദിത്തം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂരിനും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ ടി.എന്‍. പ്രതാപനുമാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരും അടിയന്തരമായി രാജിവെക്കണം,’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് ഹാഷിം പറഞ്ഞു.

വോട്ടെണ്ണല്‍ അവസാനിച്ചതിന് പിന്നാലെ തൃശൂരിലെ ഡി.സി.സി ഓഫീസിന് പുറത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെതെന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ടി.എന്‍. പ്രതാപന് തൃശൂര്‍ മണ്ഡലത്തിലെ ഒരു വാര്‍ഡില്‍ പോലും അവസരം നല്‍കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു. മുരളീധരന്റെ പ്രചരണത്തില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ പോലും ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

സുരേഷ് ഗോപിക്കെതിരെ സപ്രൈസ് എന്‍ട്രിയായി വടകരയില്‍ നിന്ന് തൃശൂരിലെത്തിയ കെ. മുരളീധന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തൃശൂരില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പിന്നാലെ അതൃപ്തി വ്യക്തമാക്കി മുരളീധരനും രംഗത്തെത്തിയിരുന്നു. താന്‍ പൊതു രംഗത്ത് നിന്ന് താത്കാലികമായി വിട്ട് നില്‍ക്കുകയാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. എല്‍.ഡി.എഫിന് വേണ്ടി പ്രചരണത്തിന് മുഖ്യമന്ത്രിയും ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രിയും മണ്ഡലത്തില്‍ എത്തിയപ്പോള്‍ തനിക്ക് വേണ്ടി പ്രചരണത്തിന് വരാന്‍ ആരും ഉണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: youth congress against trissur congress president

We use cookies to give you the best possible experience. Learn more