| Monday, 18th February 2019, 7:47 am

ആ ചെറുപ്പക്കാര്‍ ചെയ്ത തെറ്റെന്താണ്; മുഖ്യമന്ത്രിയ്ക്ക് മനസാക്ഷിയുണ്ടോ ? കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലാന്‍ അവര്‍ ചെയ്ത തെറ്റെന്താണെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
മുഖ്യമന്ത്രി ഭീരുവാണെന്നും മുഖ്യമന്ത്രിക്ക് മനസാക്ഷിയുണ്ടോ? എന്നും മുല്ലപ്പള്ളി ചോദിച്ചു. ആയുധം താഴെ വയ്ക്കാന്‍ പാര്‍ട്ടിക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് മണ്ഡല തലത്തില്‍ ഇന്ന് പ്രതിഷേധം നടത്തുമെന്നും തിങ്കളാഴ്ച എറണാകുളം ജില്ലയിലെ ജനമഹായാത്ര പര്യടനം റദ്ദാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൈശാചിക കൊലപാതകത്തിന് സി.പി.ഐ.എം വലിയ വില നല്‍കേണ്ടി വരുമെന്ന് കെ. സുധാകരന്‍. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരിലുള്ള കൊലയല്ല സംഭവിച്ചതെന്നും പ്രാദേശിക തലത്തിലുണ്ടായിരുന്ന നിസാരമായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ കാത്തിരുന്ന് വെട്ടിനുറുക്കിക്കൊന്ന പൈശാചികമായ കൊലപാതകം സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ശുഹൈബിന്റെ ഒന്നാം ചരമവാര്‍ഷിക വേളയിലെ നടന്ന ഈ കൊലപാതകത്തിന് സി.പി.ഐ.എം വലിയ വിലകൊടുക്കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമോയെന്ന് സി.പി.ഐ.എം ആലോചിക്കണമെന്നും സുധാകരന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ കിരാത കൊലപാതകത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കണം. എങ്ങനെയൊക്കെ പ്രതികരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പറ്റുമോ ആ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളം. പ്രവര്‍ത്തകരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സുധാകരന്‍ പറയുന്നു. ഉത്തരവാദിത്വ ബോധത്തോടെയാണ് സംസാരിക്കുന്നതെന്നും സുധാകരന്‍ പറയുന്നു.

ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more