കെ.കെ. ശൈലജക്കെതിരെ അശ്ലീല കമന്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവത്തകന് തടവും ശിക്ഷയും
Kerala News
കെ.കെ. ശൈലജക്കെതിരെ അശ്ലീല കമന്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവത്തകന് തടവും ശിക്ഷയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 7:10 pm

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ വ്യാജപ്രചരണം നടത്തിയ പ്രതിയ്ക്ക് തടവും പിഴയും.

ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസിലാണ് വിധി. യൂത്ത് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ മെബിന്‍ തോമസിനെയാണ് തടവിന് വിധിച്ചത്.

കോടതി പിരിയും വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡി.വൈ.എഫ്.ഐ ചാത്തന്‍കോട് മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. തൊട്ടില്‍പ്പാലം പൊലീസാണ് പരാതിയില്‍ അന്വേഷണം നടത്തിയത്.

കെ.കെ. ശൈലജക്കെതിരെ താന്‍ അശ്ലീലമായി പ്രതികരിച്ചുവെന്ന് മെബിന്‍ തോമസ് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.

കോടതി വിധിയ്ക്ക് പിന്നാലെ മുന്‍ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജ പ്രതികരിച്ചു. വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചരണമാണ് യു.ഡി.എഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലായിരുന്നു വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടന്നിരുന്നതെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ വിവരങ്ങള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിര്‍ണായകമാണെന്നും കെ.കെ. ശൈലജ പ്രതികരിച്ചു.

‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ. ഈ വ്യാജന്‍മാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കും.’ എന്നും കെ.കെ. ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യു.ഡി.എഫ് സൈബര്‍ വിങ് നടത്തിയതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Youth Congress activist punished who made obscene comments against KK Shailaja