| Monday, 3rd September 2018, 10:48 am

പ്രളയക്കെടുതി; വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളും ഒഴുകിപ്പോയ യുവതിയുടെ കുടുംബത്തിന് കൈത്താങ്ങായി ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പ്രളയദുരന്തം സംസ്ഥാനത്ത് വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഏറെയാണ്. വീടുകളിലെത്താന്‍ കഴിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ ഇപ്പോഴും കുടുംബങ്ങള്‍ കഴിയുകയാണ്.

അതേസമയം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ കൂട്ടായ്മയുടെ കഥയാണ് പാലക്കാട് സ്വദേശി പ്രിയയുടെ വിവാഹത്തില്‍ കലാശിച്ചത്.

മലമ്പുഴ ഡാം തുറന്നുവിട്ടപ്പോള്‍ ഒഴുകിയെത്തിയ പ്രളയജലം വാടകവീട്ടില്‍ക്കഴിയുന്ന പ്രിയയുടെ കുടുംബത്തെ ഒന്നാകെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. ആ നിര്‍ധന കുടുംബം പ്രിയയുടെ വിവാഹത്തിനായി കരുതിയ സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രങ്ങളും പ്രളയജലത്തില്‍ ഒഴുകിപ്പോയിരുന്നു.

“വെളളം വീടിനുള്ളിലേക്ക് ഇരച്ചെത്തിയതോടെ ഞങ്ങള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ലേബര്‍ ക്യാംപിന്റെ ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞിരുന്നത്.

പ്രിയയുടെ കല്യാണം സെപ്റ്റംബര്‍ 3 നാണ് നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന സ്വര്‍ണ്ണവും വസത്രങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല ഞങ്ങള്‍”- എന്നാണ് പ്രിയയുടെ അമ്മ ദേവി പറഞ്ഞത്.


ALSO READ: മലപ്പുറത്ത് അമ്മ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു


എന്നാല്‍ പ്രളയക്കെടുതി കാരണം വിവാഹം മുടങ്ങില്ലെന്നും കല്യാണത്തിന്റെ എല്ലാ ചെലവുകളും താന്‍ വഹിക്കാമെന്ന് പറഞ്ഞ് വരനായ പാലക്കാട് സ്വദേശി സെല്‍വരാജ് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അതിലും വ്യത്യസ്തതമായി പ്രളയം ദു:ഖക്കെടുതിയിലാക്കിയ പ്രിയയുടെ കുടുംബത്തെ രക്ഷിക്കാനും വിവാഹം നടത്താനും പാലക്കാട് സ്വദേശികളായ ചെറുപ്പക്കാരും അവരുടെ കൂട്ടായ്മയും മുന്നോട്ട് വന്നിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസത്തില്‍ കേരളമെങ്ങും പോയി മാതൃക കാട്ടിയ കുറെ ചെറുപ്പക്കാര്‍ ആ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തിക്കൊടുക്കാന്‍ ഉള്ള ഉത്തരവാദിത്വം ഏറ്റെടുത്തു.

ഇന്ന് ഒരു കുറവും ഇല്ലാതെ ആ വിവാഹം നടക്കുന്നു. തലേ ദിവസത്തെസദ്യ അടക്കം എല്ലാം ആ ചെറുപ്പക്കാര്‍ ഒരുക്കി. അശരണരാകുന്ന എല്ലാവര്‍ക്കും എന്നും താങ്ങാകുന്ന ഒരു സംഘടനയും അവര്‍ ഈ അവസരത്തില്‍ രൂപീകരിച്ചു.

അതേസമയം പ്രിയയുടെ വിവാഹത്തിന്റെ വാര്‍ത്തകള്‍ വ്യാപകമായതോടെ സഹായഹസ്തങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ജില്ലയിലെ കുടുംബശ്രീ സംഘങ്ങളും ചെറുകിട കടയുടമകളും പ്രിയയുടെ വിവാഹത്തിനായി നടത്തുന്ന യുവജന സംഘടനയുടെ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.

നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്നു തന്നെ വിവാഹം നടക്കും. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

കടപ്പാട്: ദി ഹിന്ദു

We use cookies to give you the best possible experience. Learn more