താമരശ്ശേരിയില്‍ ബാറിലെത്തിയ യുവാവിനെ അടിച്ചുകൊന്നു; ജീവനക്കാര്‍ അറസ്റ്റില്‍
Murder Case
താമരശ്ശേരിയില്‍ ബാറിലെത്തിയ യുവാവിനെ അടിച്ചുകൊന്നു; ജീവനക്കാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th December 2018, 8:49 am

കോഴിക്കോട്: താമരശ്ശേരിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. ചമല്‍ പൂവന്‍മല വീട്ടില്‍ റിബാഷ് (40)ആണ് മരിച്ചത്. സംഭവത്തില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുത്തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. റിബാഷ് മദ്യപിച്ചശേഷം ബാറിനുപുറത്തുെവച്ച് സെക്യൂരിറ്റി ജീവനക്കാരോട് വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ റിബാഷിന്റെ കഴുത്തില്‍ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

അബോധാവസ്ഥയിലായ റിബാഷിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാറിന്റെ മുറ്റത്തും തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിയോടെ ബാറിന്റെ പുറത്ത് ദേശീയപാതയോരത്തെ കടത്തിണ്ണയില്‍ എടുത്തുകിടത്തുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റിബാഷിനെ ബാര്‍ ജീവനക്കാര്‍ വലിച്ച് കൊണ്ടു പോകുന്നതും അടിച്ച് വീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ശനിയാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് കടത്തിണ്ണയില്‍ റിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബാറിലെ സുരക്ഷാ ജീവനക്കാരനായ ബിജു ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ സുരക്ഷാ ജീവനക്കാരന്‍ ബിജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.