| Tuesday, 27th October 2020, 4:41 pm

പൊന്നാനിയില്‍ യുവാവിന് നേരെ പൊലീസ് മര്‍ദ്ദനം; നഗ്നനാക്കി, പഞ്ചസാര ലായനി കുടിപ്പിച്ചെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെ നജ്മുദ്ദിന്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറി, പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നജ്മുദ്ദിന്‍ പറയുന്നു.

ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് തന്നെ നഗ്നനാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നും നജ്മുദ്ദിന്‍ പറഞ്ഞു. കുടിവെള്ളത്തിന് പകരം പഞ്ചസാര കലക്കിയ വെള്ളം നല്‍കിയെന്നും അത് നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും നജ്മുദ്ദിന്‍ പറയുന്നു.

ഇക്കഴിഞ്ഞ 24നാണ് സംഭവം നടന്നത്. രാവിലെ ഒമ്പതിനും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ദിന്റെ വീട്ടിലെത്തിയത്. പൊന്നാനി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് നജ്മുദ്ദിന്റെ വീട്.

എന്നാല്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ് നജ്മുദ്ദിന്റെ വീട്ടിലേക്കെത്തിയത്. വീട്ടില്‍ വെച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ദിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

കാര്യമെന്താണെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഒരു സ്ത്രീയ ശല്യം ചെയ്തുവെന്ന് ലഭിച്ച പരാതിയിന്‍മേലാണ് നടപടിയെന്നാണ് പൊലീസുകാര്‍ പറഞ്ഞത്.

തുടര്‍ന്നാണ് നജ്മുദ്ദിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയത്. ക്വാര്‍ട്ടേഴ്‌സിലേക്ക് കയറുന്നതിനു മുമ്പും തന്നെ മര്‍ദ്ദിച്ചുവെന്ന് നജ്മുദ്ദിന്‍ പറഞ്ഞു. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവം വിവാദമായതോടെ തിരൂര്‍ സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററെ അന്വേഷണ വിധേയമായി ജില്ല പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Youth Beaten Ponnani Tirur Police Station

We use cookies to give you the best possible experience. Learn more