യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം: ജനനേന്ദ്രിയം അടിച്ചു തകര്‍ത്തതായി പരാതി
Kerala
യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം: ജനനേന്ദ്രിയം അടിച്ചു തകര്‍ത്തതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2017, 1:48 pm

തിരുവനന്തപുരം: യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ പൊലീസിനെ സമീപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം. തിരുവനന്തപുരം നേമം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റുമായ സജീറാണ് മര്‍ദ്ദനത്തിന് ഇരയായത്.

സജീറിന്റെ ജനനേന്ദ്രിയം പൊലീസ് ഇടിച്ച് തകര്‍ത്തെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. കൂടാതെ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനമായ സജീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.


Must Read: ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് അമ്പലം പണിയാന്‍ വി.എച്ച്.പിക്ക് യോഗി ആദിത്യനാഥിന്റെ അനുമതി 


പ്രദേശത്തെ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷവും പൊലീസ് കേസായിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോള്‍ കേസിലുള്‍പ്പെട്ട ഒരു യുവാവ് ആവശ്യപ്പെട്ടതു പ്രകാരം അയാള്‍ക്കൊപ്പം കൂട്ടു ചെന്നതായിരുന്നു സജീര്‍.

സ്റ്റേഷനിലെത്തിയ ഇവരോട് എസ്.ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പിന്നീട് എസ്.ഐ സമ്പത്ത് സ്റ്റേഷനിലെത്തിയശേഷം ഇവരെ അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

ഇതിനിടെ എസ്.ഐ യുവാവിന്റെ മുഖത്ത് അടിച്ചെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സജീറിനുനേരെ തിരിയുകയായിരുന്നെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നീ ആരെടാ മര്യാദ പഠിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പാറാവിനു നിന്ന് പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് എസ്.ഐയും മറ്റ് പൊലീസുകാരും സജീറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


Also Read: ബാഹുബലി വേണ്ടെന്ന് വച്ചതില്‍ മോഹന്‍ലാലും; ലാലേട്ടന് നഷ്ടമായ വേഷമേതാണെന്നതാണ് യഥാര്‍ത്ഥ ട്വിസ്റ്റ് 


ഒപ്പമുണ്ടായിരുന്ന യുവാവ് സജീറിന്റെ ബന്ധുക്കളെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും സജീറിനെ ആ സ്‌റ്റേഷനില്‍ നിന്നും മാറ്റിയിരുന്നു. റിമാന്‍ഡ് ചെയ്യാനായി കൊണ്ടുപോയതാണഎന്നായിരുന്നു പൊലീസ് നല്‍കിയ വിവരം.

എന്നാല്‍ പിന്നീട് കോവളം എം.എല്‍.എ വിന്‍സെന്റ് ഇടപെട്ടപ്പോഴാണ് സജീര്‍ തിരുവല്ലം പൊലീസ് സ്റ്റേഷനിലുണ്ടെന്നു മനസിലായത്. ഇവിടെ എത്തിയ എത്തിയ ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സജീറിനെ ആശുപത്രിയിലെത്തിച്ചത്.

ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോള്‍ പരുക്ക് ഗുരുതരമാണെന്നും എത്രയും വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കണണെന്നും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ സജീറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അടിവയറ്റില്‍ രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്.