യു.കെയില്‍ പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന മുസ്‌ലിം വൃദ്ധനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; അക്രമി പിടിയില്‍
World News
യു.കെയില്‍ പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന മുസ്‌ലിം വൃദ്ധനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; അക്രമി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 8:50 pm

ലണ്ടന്‍: പള്ളിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന മുസ്‌ലിം വയോധികനെ ആക്രമിച്ച് തീകൊളുത്തിയ പ്രതിയെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യു.കെ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച ബര്‍മിങ്ഹാമില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.

വൈകീട്ടത്തെ പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധന് നേരെയാണ് ആക്രമണമുണ്ടായത്. ചെറുപ്പക്കാരനെന്ന് തോന്നിക്കുന്ന വ്യക്തി ഏകദേശം എഴുപത് വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്.

തുടര്‍ന്ന് കയ്യില്‍ കരുതിയ ദ്രാവകം വൃദ്ധന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആക്രമണത്തില്‍ മുഖത്തും താടിയിലുമടക്കം പൊള്ളലേറ്റിട്ടുണ്ടെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും പരിക്കേറ്റയാളുടെ ബന്ധുക്കള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അക്രമിയെ പിടിച്ച യു.കെ പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അക്രമിക്കാനുള്ള കാരണം എന്താണെന്നതില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി ലണ്ടനിലെ മുസ്‌ലിം കമ്മ്യൂണിറ്റികള്‍ രംഗത്തെത്തി. ലേബര്‍ പാര്‍ട്ടി എം.പി സാറ സുല്‍ത്താന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പും ബ്രിട്ടനില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 82 വയസുള്ള മുസ്‌ലിം വൃദ്ധന് നേരെയും ആക്രമണമുണ്ടായിരുന്നു. രണ്ട് കേസുകളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്യതകളുണ്ടോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Content Highlight: youth attack on muslim man in britain