| Sunday, 13th October 2019, 5:36 pm

'ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് പാവപ്പെട്ടവരുടെ വയറു നിറയില്ല': യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നുവെന്ന് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നതെന്ന് രാഹുല്‍ഗാന്ധി. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുലിന്റെ പരാമര്‍ശം. മഹാരാഷ്ട്രയിലെ ലാതുര്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ല’ – രാഹുല്‍ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം കഴിഞ്ഞദിവസം മഹാബലിപുരത്ത് നടന്ന മോദി-ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് കൂടിക്കാഴ്ചയെയും രാഹുല്‍ വിമര്‍ശിച്ചു. 2017 ല്‍ ഡോക്ലാം അതിര്‍ത്തി കൈയ്യേറിയ ചൈനീസ് സൈന്യത്തിന്റെ നടപടിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. മേക്ക് ഇന്‍ ഇന്ത്യ അല്ല മേക്ക് ഇന്‍ ചൈന യാണ് നടക്കുന്നത് എന്നാണ് രാഹുലിന്റെ പ്രസ്താവന.

‘ യുവാക്കള്‍ ജോലിചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാന്‍ പറയുന്നു. മോദിയും അമിത്ഷായും പ്രധാനപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുകയാണ്.

ചന്ദ്രദൗത്യത്തെപറ്റിയും ആര്‍ട്ടിക്കിള്‍ 370 നെയും പറ്റി തുടര്‍ച്ചയായി സംസാരിക്കുമ്പോള്‍ അത് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന മറ്റു പ്രശ്‌നങ്ങളെ നിശബ്ദമാക്കുകയാണ്.

മാധ്യമങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ആര്‍ക്കാണ് നോട്ടു നിരോധനത്തിവലൂെട ലാഭം കിട്ടിയത്? നീരവ് മോദി രക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത് നോട്ടു നിരോധനത്തിന്റെ ഗുണം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാനാണ്. പക്ഷേ അതു കൊണ്ട് ആര്‍ക്കാണ് ഗുണം.?

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും.

Latest Stories

We use cookies to give you the best possible experience. Learn more