കൊണ്ടോട്ടി: സാമൂഹ്യമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ കബളിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍. യുവാവ് നഗ്നവീഡിയോകളും ചിത്രങ്ങളും പകര്‍ത്തി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പൊന്നാനി സ്വദേശിയായ ജാബിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ജാബിറിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി. പതിനാലുകാരിയായ മറ്റൊരു പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയായിരുന്നു ജാബിര്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. ആദ്യം കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയോട് താന്‍ സ്പാനിഷ് കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും നഗ്ന വീഡിയോകള്‍ അപ് ലോഡ് ചെയ്താല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്നും ജാബിര്‍ വിശ്വസിപ്പിച്ചു. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ആഭരണങ്ങളും കൈക്കലാക്കി.