സി.പി.ഐ.എമ്മിനെതിരെ കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയും ബി.ജെ.പിയും നിഴല്‍സഖ്യത്തിലെന്ന് യൂസഫ് തരിഗാമി
national news
സി.പി.ഐ.എമ്മിനെതിരെ കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയും ബി.ജെ.പിയും നിഴല്‍സഖ്യത്തിലെന്ന് യൂസഫ് തരിഗാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 10:50 am

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കിയതായി സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ രൂപീകരണമാണ് കശ്മീരില്‍ കണ്ടതെന്നും യൂസഫ് തരിഗാമി പറഞ്ഞു. കുല്‍ഗാം മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തരിഗാമി ദല്‍ഹിയില്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത് പിന്‍വാതിലുകളിലൂടെയും അധികാരദുര്‍വിനിയോഗത്തിലൂടെയും ആണെന്ന് യൂസഫ് തരിഗാമി പറഞ്ഞു. മുമ്പ് തങ്ങളുടെ നിഴല്‍സഖ്യ കക്ഷികളായ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെയും എന്‍ജിനിയര്‍ റഷീദിന്റെ അവാമി ഇത്തെഹാദിനെയും സി.പി.ഐമ്മിനെ പരാജയപ്പെടുത്താനായി ബി.ജെ.പി കൂട്ടുപിടിച്ചുവെന്നും തരിഗാമി പറഞ്ഞു.

മറ്റ് സ്ഥലങ്ങളില്‍ പ്രാധാന്യം നല്‍കാതെ കുല്‍ഗാമിലെ രണ്ട് മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയത് കേന്ദ്ര സര്‍ക്കാരായിരുന്നുവെന്നും തരിഗാമി പറഞ്ഞു. സി.പി.ഐ.എമ്മിനോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും താന്‍ മത്സരിച്ച കുല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വലിയ രീതിയിലുള്ള പ്രചാരണം നടത്തിയതായും തരിഗാമി പറഞ്ഞു.

‘സി.പി.ഐമ്മിനെ എതിര്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. അവര്‍ ജിഹാദികളുടെ ഭാഗമാണ്, തെരഞ്ഞെടുപ്പില്‍ ഭാഗമാകുന്നവരെ എതിര്‍ക്കുകയും ഭരണഘടനയെ ആക്രമിക്കുന്നവരുമാണ്. കാലങ്ങളായി ജമാഅത്തെ കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നു. നിലവിലെ ജമാഅത്തെയുടെ നിലപാട് മാറ്റം ഏതു സാഹചര്യത്തിലാണെന്നും എന്തുതരം സമ്മര്‍ദങ്ങളാണ് നേരിടേണ്ടിവന്നതെന്നും ജനങ്ങളോട് വിശദീകരിക്കണം,’ യൂസഫ് തരിഗാമി ദേശാഭിമാനിയോട് പറഞ്ഞു.

നിരോധിക്കപ്പെട്ട കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബി.ജെ.പി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരോധനം നീക്കാതെ മറ്റിടങ്ങളിലൊന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ കുല്‍ഗാമില്‍ മാത്രം സ്വതന്ത്രരായി മത്സരിച്ച് സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും യൂസഫ് തരിഗാമി പറഞ്ഞു.

‘നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയായതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്രരായി മത്സരിക്കാന്‍ അവര്‍ സമ്മതിച്ചു. എന്നാല്‍ നിരോധനം ഔപചാരികമായി നീക്കിയിട്ടില്ല,’ യൂസഫ് തരിഗാമി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് നയമുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പാര്‍ട്ടികളായ സി.പി.ഐ.എം, നാഷണല്‍ കോണ്‍ഗ്രസ്, ജമ്മു കശ്മീര്‍ പി.ഡി.പി അടക്കമുള്ളവരെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും ഈ പാര്‍ട്ടികളെല്ലാം രക്തച്ചൊരിച്ചിലിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ് നടത്തിയവരുമായി കേന്ദ്രം പരസ്യമായി ബന്ധമുണ്ടാക്കിയ ഇരട്ടത്താപ്പില്‍ ഇരുകൂട്ടരും വിശദീകരണം നല്‍കണമെന്നും തരിഗാമി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുമായുളള ചര്‍ച്ചകള്‍ക്കുശേഷമാണ് സി.പി.ഐ.എം കുല്‍ഗാമില്‍ മത്സരിക്കുന്നത്. പിന്നാലെ മതം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ പ്രചാരണം നടത്തിയും കശ്മീര്‍ ജമാഇത്തെ ഇസ്‌ലാമിയുടെയും ബി.ജെ.പിയുടെയും സമാന്തര അജണ്ട വിശദീകരിക്കുകയും ചെയ്താണ് സി.പി.ഐ.എം പ്രചാരണം നടത്തിയിരുന്നതെന്നും യൂസഫ് തരിഗാമി വ്യക്തമാക്കി. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ നാല് പ്രാവശ്യം വിജയിച്ചുവെങ്കിലും ഇപ്രാവശ്യം വ്യത്യസ്തമായ തെരഞ്ഞടുപ്പ് പ്രചാരണമായിരുന്നു ഉണ്ടായതെന്നും തരിഗാമി വ്യക്തമാക്കി.

Content Highlight: Yousuf tharigami says jamaat e islami and bjp in shadow allience against cpim in kashmir