അബുദാബി: യു.എ.ഇയില്‍ പെര്‍മനന്റ് റസിഡന്‍സി സൗകര്യം അനുവദിക്കുന്ന ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കുകയാണ് പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംങ്ങ് ഡയറക്ടറുമായ എം.എ യൂസഫ് അലി.
ആദ്യത്തെ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് എം.എ യൂസഫലിക്ക് അനുവദിച്ചതായി ദ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അബുദാബിയില്‍ അറിയിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഓഫ് ദ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫേര്‍സ്, ബ്രിഗേഡിയര്‍ സഈദ് സാലേം അല്‍ ഷംസി അബുദാബിയി്ല്‍ നടന്ന ചടങ്ങില്‍ എം.എ യൂസഫ് അലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറി.
ഇതോടെ ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കാന്‍ അവസരമുളള യു.എ.ഇയിലെ 6800 നിക്ഷേപകരില്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് എം.എ യൂസഫ് അലി. 100 ബില്ല്യണ്‍ ദിര്‍ഹമിന് മുകളില്‍ നിക്ഷേപമുളള വ്യവസായ പ്രമുഖരെയാണ് ഗോള്‍ഡ് കാര്‍ഡിനുളള ആദ്യ ബാച്ച് അപേക്ഷയില്‍ പരിഗണിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച ദീര്‍ഘകാല വിസയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് സംവിധാനം. ബിസിനസ് സംരംഭകര്‍ക്കും വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്കും അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ് ദീര്‍ഘകാല വിസയില്‍ യു.എ.ഇയില്‍ താമസാനുമതി ലഭിക്കുന്നതെങ്കില്‍ ആജീവനാന്ത വിസ സൗകര്യമാണ് ഗോള്‍ഡ് കാര്‍ഡ് സ്ന്തമാക്കുന്നവര്‍ക്ക് ലഭ്യമാകുന്നത്.
200 ലധികം വരുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ അധിവസിക്കുന്ന നാടാണ് യു.എ.ഇ. യു.എ.ഇയിലെത്തിയവര്‍ക്കെല്ലാം അവരുടെ രണ്ടാം വീടുപോലെയാണ് ഈ രാജ്യമെന്നും. ഗോള്‍ഡ് കാര്‍ഡ് പ്രാബല്ല്യത്തില്‍ വരുന്നതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയവര്‍ക്കും അവരുടെ വരും തലമുറക്കും യു.എ.ഇ എന്ന സുവര്‍ണ്ണദേശത്തോട് എന്നും ചേര്‍ന്നുനില്‍ക്കുവാനുളള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
പുതുതായി നടപ്പിലാക്കുന്ന ഈ സ്ഥിരം വിസാ സംവിധാനങ്ങള്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വിവിധ രംഗങ്ങളിലെ ആഗോള പ്രതിഭകളെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഭിമാനകരമെന്ന് യൂസഫ് അലി
യുഎഇ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം. എ യൂസഫ് അലി പ്രതികരിച്ചു. 45 വര്‍ഷമായി യുഎഇ എന്റെ സ്വന്തം നാടാണ്. 1973ലാണ് യുഎഇയുടെ തീരത്തണഞ്ഞ് ജീവിതം കരുപിടിപ്പിച്ചത്. ഞാന്‍ സ്വ്പ്‌നം കണ്ടതിലേറെ നേടാനും സ്വന്തമാക്കാനും ഈ നാട് ഒപ്പം നിന്നു. ഇന്നത്തെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കുമെല്ലാം ഈ മഹത്തായ നാടിനോട് നന്ദി പറയുവാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും യൂസഫ് അലി വ്യക്തമാക്കി.