കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പകരം ഗുജറാത്തി വിഭവങ്ങള്‍ ചേര്‍ത്തൊരു വിരുന്ന് തനിക്കായി അമിത് ഷാ ഒരുക്കണമെന്നും മമത പറഞ്ഞു.
‘ബംഗാളിനെ ഒരു പേടിസ്വപ്‌നമായിട്ടാണ് അമിത് ഷാ പൊതുമധ്യത്തില്‍ അവതരിപ്പിച്ചത്. വികസനമില്ലാത്ത തൊഴിലില്ലായ്മയുടെ നാടാണ് ബംഗാള്‍ എന്നാണ് ഷാ പറയുന്നത്. നിങ്ങള്‍ പറയുന്നത് സത്യമായിരുന്നെങ്കില്‍ യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ഈ പറഞ്ഞ നുണകള്‍ക്കൊക്കെ എന്റെ പക്കല്‍ ഉത്തരമുണ്ട്. കൃത്യമായി ഉത്തരം നല്‍കിയാല്‍ എനിക്ക് ഗുജറാത്തി വിഭവങ്ങള്‍ ചേര്‍ത്തൊരു വിരുന്ന് നിങ്ങള്‍ തരണം, മമത പറഞ്ഞു.
2011 മുതല്‍ സംസ്ഥാനത്തെ ജി.ഡി.പി നിരക്ക് ഇരട്ടിയായി വര്‍ധിക്കുകയാണ്. നികുതിയില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചുവെന്നും മമത പറഞ്ഞു.
‘സംസ്ഥാന ജി.ഡി.പി നിരക്കില്‍ ബംഗാളിന്റെ റാങ്ക് 16 ആണെന്നാണ് ഷാ പറയുന്നത്. എന്നാല്‍ ശരിയായ കണക്ക് പ്രകാരം ബംഗാള്‍ രണ്ടാംസ്ഥാനത്താണ് എന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. വ്യവസായ മേഖലയിലെ വികസനത്തില്‍ ബംഗാളിന്റെ സ്ഥാനം നാലാമതാണെന്ന കാര്യവും മറക്കണ്ട’, മമത പറഞ്ഞു.
ബംഗാളില്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശനത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി ഷാ പറഞ്ഞകാര്യങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനും രംഗത്തെത്തിയിരുന്നു.
ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ പ്രസ്താവന പുറത്തിറക്കിയത്.
അമിത് ഷാ പറഞ്ഞ തെറ്റായ കാര്യങ്ങളും അതിന്റെ സത്യാവസ്ഥയും എന്ന രീതിയിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷാ യുടെ ഒരു വാദം. കഴിഞ്ഞ ദിവസം സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.
എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി കൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ആയുഷ്മാന്‍ പദ്ധതിയ്ക്ക് വെറും രണ്ട് വര്‍ഷം മുമ്പ് കൊണ്ട് വന്ന സ്വാസ്ത്യ സതി എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ 1.4 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റും കൊണ്ടുവന്നെന്ന് ഇതിന് മറുപടിയായി ഒബ്രിയാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ടായ 6,000 രൂപ ബംഗാള്‍ മുക്കുകയാണെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായ ധനമായി 5,000 രൂപ നല്‍കുന്നുണ്ട്. കേന്ദ്രം ഒരു ഏക്കറിന് 1214 രൂപ എന്ന നിരക്കിനല്ലേ പണം കൊടുക്കുന്നതെന്നാണ് ഒബ്രിയാന്‍ തിരിച്ച് പറഞ്ഞത്.
ബംഗാളില്‍ 300ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പക്ഷെ ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ പോലും കൊലപാതകത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാണ് ഇത് പറയുന്നതെന്ന് ഒബ്രിയാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamatha Banerjee Slams Amit sha