ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ ആഹ്വാനം ചെയ്തത് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ ഇന്ത്യയിലെത്തിക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ പുതിയ തന്ത്രമാണെന്ന് സൈബര്‍ ലോകം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റി വയലേറ്റ് ചെയ്യുന്ന ഇന്‍ര്‍നെറ്റ്.ഓര്‍ഗിന് അനുകൂലമായ പ്രചരണമാണ് നടത്തുന്നതെന്നാണ് വിമര്‍ശനം. എല്ലാവരും ആവേശത്തോടെ മാറ്റുന്ന പ്രൊഫൈല്‍ പിക്ചറിന്റെ പേര് “ഇന്റര്നെറ്റ്ഓര്ഗ്പ്രൊഫൈല്പിക്ചര് പ്രൈഡ് അവതാര്‍” .എന്നതാണെന്നുള്ളത് സൈബര്‍ലോകം ഇതിന് തെളിവായി പറയുന്നു.
യഥാര്‍ത്ഥത്തില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കുള്ള പിന്തുണയല്ല മറിച്ച്് തങ്ങളുടെ “ഇന്റര്‍നെറ്റ്.ഓര്‍ഗിന് അനുകൂലമായ വോട്ടായാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. നിലവില്‍ 17 മില്ല്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണച്ചുവെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.
നേരത്തെ ഇന്ത്യയിലെ സൈബര്‍ സമൂഹം നെറ്റ് ന്യൂട്രാലിറ്റി വിഷയം ചര്‍ച്ച ചെയ്തിരുന്നപ്പോള്‍ ഇന്റര്‍നെറ്റ്.ഓര്ഗിനെതിരെയും ശക്തമായ ക്യംപയിന് നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എതിര്‍പ്പ് മറി കടക്കുന്നതിനായി ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ പേര് “ഫ്രീ ബേസികസ്”് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.
മുഖചിത്രം മാറ്റിയതിലൂടെ രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ട പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഫേസ്ബുക്കിന്റെ പറ്റിക്കലിന് ഇരയായതാണോ മറിച്ച് സുക്കര്‍ബര്‍ഗിന്റെ തന്ത്രങ്ങള്‍ക്ക് കൂട്ടു നിന്നതാണോയെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്.