| Tuesday, 15th May 2018, 2:44 pm

ന്യൂസിലാന്റില്‍ നിന്നും കൊച്ചു ആരാധകന്റെ ഹൃദയം കീഴടക്കിയ കത്ത്; ഹൃദയം കൊണ്ട് വീഡിയോയിലൂടെ മറുപടി നല്‍കി യൂനസ്ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലാഹോര്‍: ന്യൂസിലാന്‍ഡില്‍ നിന്നും ഒരു ക്രിക്കറ്റ് ആരാധകന്‍ അയച്ച കത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ മറുപടി കൊടുത്ത് മുന്‍ പാക്ക് താരം യൂനസ്ഖാന്‍. “പ്രിയപ്പെട്ട ഖാന്‍, എന്റെ പേര് ഫെലിക്സ്. ന്യൂസിലാന്‍ഡില്‍ നിന്നുമുള്ള 12-കാരനാണ് ഞാന്‍. എന്റെ ഏറ്റവും വലിയ ഹീറോസില്‍ ഒരാളാണ് താങ്കള്‍. താങ്കളുടെ കവര്‍ ഡ്രൈവും, കട്ട് ഷോട്ടും എനിക്ക് ഏറെ ഇഷ്ടമാണ്. ലങ്കയ്ക്ക് എതിരെ നേടിയ 318 റണ്ണും, ഇംഗ്ലണ്ട് പര്യടനത്തിലെ 218 റണ്ണും സൂപ്പറായിരുന്നു. അടുത്ത മത്സരങ്ങള്‍ക്ക് എല്ലാ ആശംസകളും”, എന്നായിരുന്നു യൂനസ് ഖാന്‍ അയച്ച കത്തില്‍ ഫെലിക്സ് കുറിച്ചത്.

രണ്ട് വര്‍ഷം മുന്‍പാണ് ഫെലിക്സ് ആന്‍ഡേഴ്സണ്‍ തന്റെ പ്രിയ ക്രിക്കറ്ററായ യൂനിസിന് കത്തയയ്ക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷക്കാലം ചുറ്റിക്കറങ്ങിയ ശേഷമാണ് കത്ത് താരത്തിന്റെ കൈയിലെത്തുന്നത്.

തന്റെ ഹൃദയം കീഴടക്കിയ പ്രിയപ്പെട്ട ആരാധകന് കവര്‍ ഡ്രൈവും, കട്ട് ഷോട്ടും അടിക്കാനുള്ള വീഡിയോ കൂടി ഉള്‍പ്പെടുത്തിയാണ് താരം മറുപടി നല്‍കിയത്. “ഈ ഷോട്ടുകള്‍ക്കുള്ള എന്റെ ടിപ്പ് ഇതാണ്. നന്നായി പ്രാക്ടീസ് ചെയ്യൂ, കളിയില്‍ മികവ് വര്‍ദ്ധിപ്പിക്കൂ. ഓള്‍ ദി ബെസ്റ്റ് ഫെലിക്സ്. നീ ഒരു ദിവസം രാജ്യത്തിനായി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു”, യൂനിസ് കുറിച്ചു.

വീഡിയോ കണ്ട ഫെലിക്സ് ടിപ്പിന് നന്ദി അറിയിച്ചു. ഒപ്പം ന്യൂസിലാന്‍ഡില്‍ വരുമ്പോള്‍ തന്റെ ക്രിക്കറ്റ് ക്ലബ് സന്ദര്‍ശിക്കണമെന്ന ആവശ്യവും ഫെലിക്സ് പങ്കുവെച്ചു. ഈ ട്വീറ്റ് പങ്കുവെച്ച യൂനിസ് ഖാന്‍ തന്റെ കൊച്ച് ആരാധകന്റെ ക്ലബിനെ പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more