| Thursday, 16th August 2012, 10:02 am

ഉമര്‍ഗുല്ലിനെയും യൂനിസിനെയും ഒഴിവാക്കിയതല്ല: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തില്‍ നിന്നും ഉമര്‍ഗുല്ലിനെയും യൂനിസിനെയും ഒഴിവാക്കിയതല്ലെന്നും അവര്‍ക്ക് വിശ്രമം അനുവദിച്ചതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടര്‍ ഇക്ബാല്‍ ഖ്വാസിം. []

“ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നിന്നും ഇവരെ ഒഴിവാക്കിയതിന് കാരണമുണ്ട്. രണ്ടുപേരും മികച്ച താരങ്ങളാണ്. അതുകൊണ്ട് തന്നെ ട്വന്റി-20 മത്സരങ്ങള്‍ക്കായി അവര്‍ക്ക് വിശ്രമം അനുവദിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മാസങ്ങളിലെല്ലാം പ്രധാനപ്പെട്ട മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്.  എല്ലാ മത്സരത്തിലും ഇവരെ ഉള്‍പ്പെടുത്തിയാല്‍ അത് അവരുടെ പ്രകടനത്തെ മോശമായി ബാധിക്കും. വിശ്രമം ആവശ്യമുള്ള സമയത്ത് അനുവദിക്കുക തന്നെ വേണം”-ഇക്ബാല്‍ പറഞ്ഞു.

യൂനിസ് ഖാനേയും ഉമര്‍ഗുല്ലിനേയും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ടീമംഗങ്ങള്‍ക്കിടിയിലും പുറത്തും ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത്.

ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന യൂനിസ് ഖാന്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ നിന്നും യൂനിസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റിയോ യൂനിസോ വിശദീകരണം നല്‍കിയിരുന്നില്ല.

Video Stories

We use cookies to give you the best possible experience. Learn more