ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ അനില്‍ കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബി.സി.സി.ഐ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേട്ടേഴ്‌സിന്റെ തലവനായ വിനോദ് റായ്.
അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ നോട്ട് ജസ്റ്റ് എ നൈറ്റ്‌വാച്ച്മാന്‍ – മൈ ഇന്നിംഗ്‌സ് ഇന്‍ ദി ബി.സി.സി.ഐ’ (No Just A Nightwatchman – My Innings In The BCCI) എന്ന പുസ്തകത്തിലായിരുന്നു വിനോദ് റായ് ഇക്കാര്യം പറഞ്ഞത്.
കുംബ്ലെയുടെ പരിശീലന രീതികളോട് അന്നത്തെ നായകനായ വിരാടിന് മതിപ്പില്ലായിരുന്നുവെന്നും പല യുവതാരങ്ങള്‍ക്കും കംബ്ലെയുടെ രീതികളുമായി പൊരുത്തപ്പെട്ടു പോവാന്‍ സാധിച്ചിരുന്നില്ലെന്നും റായ് പറയുന്നു. ഇതിന് പിന്നാലെയാണ് 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.
ടീമിനുള്ളില്‍ തികഞ്ഞ അച്ചടക്കം നിര്‍ബന്ധമായിരുന്ന ഒരു കാര്‍ക്കശ്യക്കാരനായിരുന്നു കംബ്ലെയെന്നായിരുന്നു വിനോദ് റായ്‌യുടെ വെളിപ്പെടുത്തല്‍, ഇത് ടീമിന് അംഗീകരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുമായരുന്നു.
കുംബ്ലെയുടെ പല രീതികളും കണ്ട് ടീമിലെ യുവതാരങ്ങള്‍ ഭയപ്പെട്ടിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതായും റായ് വെളിപ്പെടുത്തുന്നു.
‘വിരാടുമായും ടീമിലെ മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളുമായും സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കുംബ്ലെ അച്ചടക്കത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു എന്നാണ്. ഇക്കാരണമൊന്നുകൊണ്ടു തന്നെ ടീം അംഗങ്ങള്‍ക്ക് അദ്ദേഹം അത്രകണ്ട് സ്വീകാര്യനുമായിരുന്നില്ല.
ഇതിന് പുറമെ വിരാടുമായും ഞാന്‍ സംസാരിച്ചിരുന്നു. ടീമിലെ യുവതാരങ്ങള്‍ കുംബ്ലെയുടെ ഇത്തരം രീതികള്‍ കാരണം ഭയപ്പെട്ടിരുന്നുവെന്നാണ് കോഹ്‌ലി പറഞ്ഞത്,’ വിനോദ് റായ് പറയുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും അടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി വിരാടും കുംബ്ലെയം തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിന്റെ ഫലമായാണ് കുംബ്ലെ പരിശീലകന്റെ റോളില്‍ നിന്നും പുറത്തായത്.