| Saturday, 25th July 2020, 11:48 pm

'ഞാനടക്കം അനിശ്ചിതമായി തുടരേണ്ടതില്ല, ഇതെല്ലാം ടീം രാഹുല്‍'; കോണ്‍ഗ്രസിനെ ഇനി അവര്‍ നയിക്കട്ടെയെന്ന് മാര്‍ഗരറ്റ് ആല്‍വ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലടക്കം പ്രതിസന്ധി തുടരവെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ. കോണ്‍ഗ്രസില്‍ നിന്നും ആരും പുറത്തുപോവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ആല്‍വ പറഞ്ഞത്.

‘സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടണമെന്ന് ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ ഏറ്റവും തിളക്കമുള്ള യുവ നേതാക്കളില്‍ ഒരാളാണ്. യഥാര്‍ത്ഥത്തില്‍ ഈ യുവ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധി സൃഷ്ടിക്കുന്ന ടീമാണെന്ന് തോന്നുന്നു. നേതൃത്വത്തിന്റെ രണ്ടാം ഭാഗമാണത്. എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് എല്ലാം തകര്‍ന്നത്?’ മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ആല്‍വ ചോദിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ ഉടച്ചുവാര്‍ക്കേണ്ട സമയമായെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യടുഡേയോടായിരുന്നു അവരുടെ പ്രതികരണം.

ഇന്ത്യക്കാരുടെ ശരാശരി പ്രായം 30 ആണ്. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടേതാവട്ടെ എഴുപതും. ഇന്ദിരയും രാജീവ് ഗാന്ധിയും ഓജസുറ്റ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും യുവ ടീമുകളെ വാര്‍ത്തെടുത്തിരുന്നു. രാഹുലില്‍നിന്ന് അതായിരുന്നു പ്രതീക്ഷിച്ചതെന്നും ആല്‍വ വ്യക്തമാക്കി.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും സംസ്ഥാന നേതൃത്വങ്ങളിലും ഒരു തലമുറ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ തലമുറ ഉത്തവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഒരു ചലനാത്മകത കൊണ്ടുവരണം. ആ യുവ തലമുറയെയാണ് ഇനി കണ്ടെത്തേണ്ടത്’, ആല്‍വ ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയല്ല വേണ്ടത്. അതിന് അതിന്റേതായ അടിവേരുണ്ട്. ഞാന്‍ അമ്പത് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. എന്റെ അനുഭവങ്ങള്‍ എത്രയെന്ന് എനിക്കറിയാം. പക്ഷേ, എന്നെപ്പോലുള്ളവര്‍തന്നെ അനിശ്ചിതമായി തുടരണമെന്ന അഭിപ്രായം എനിക്കില്ല’, ആല്‍വ പറഞ്ഞു.

നേരത്തെ രാജസ്ഥാന്‍ വിഷയത്തില്‍ സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് ആല്‍വ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന് 45ാം വയസ്സില്‍ പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹം കൊണ്ടാണോ ഇത്ര ധൃതി കാണിക്കുന്നതെന്നായിരുന്നു ആല്‍വയുടെ ചോദ്യം.

രാജ്യം മുഴുവന്‍ കൊവിഡ് പ്രതിസന്ധിക്കെതിരെയും അതിര്‍ത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെയും പോരാടുമ്പോള്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആവാനാണ് ശ്രമം നടത്തുന്നെന്നും ആല്‍വ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more