ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു പോളിങ് ബൂത്തില്‍ യുവാവ് എട്ട് തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യാ സഖ്യം. പിന്നാലെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.
യു.പിയില്‍ ബി.ജെ.പി കള്ളവോട്ട് ചെയ്യുന്നതായി ഇന്ത്യാ സഖ്യം നിരന്തരമായി ആരോപണമുന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇ.വി.എമ്മില്‍ മൂന്നാമതുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ തുടര്‍ച്ചയായി എട്ട് തവണ യുവാവ് വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഫറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് ക്രമക്കേട് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ മുകേഷ് രജ്പുതിന് വേണ്ടിയാണ് യുവാവ് എട്ട് തവണ വോട്ട് ചെയ്തത്. വോട്ട് ചെയ്യുന്നത് എണ്ണിക്കൊണ്ട് യുവാവ് തന്നെയാണ് വീഡിയോ പകര്‍ത്തിയതും.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണ്ഡലത്തില്‍ റീപോളിങ് നടത്തണമെന്ന ആവശ്യവുമായി ഇന്ത്യാ സഖ്യം രംഗത്തെത്തി. ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറങ്ങുകയാണോ എന്നും ഇന്ത്യാ മുന്നണി ചോദിച്ചു.
മെയ് 13ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. യു.പിയിലെ ഒരു മണ്ഡലത്തില്‍ മുസ്‌ലിം വോട്ടര്‍മാരെ പൊലീസ് അടിച്ചോടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Content Highlight: Youngster votes for BJP ‘8 times’ in UP; Akhilesh hits out at EC