കല്ലട ട്രാവൽസ് സംഭവം: യാത്രയുടെ മറവിൽ ബസിൽ കള്ളക്കടത്ത് നടത്തുന്നുവെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തൽ
Kerala News
കല്ലട ട്രാവൽസ് സംഭവം: യാത്രയുടെ മറവിൽ ബസിൽ കള്ളക്കടത്ത് നടത്തുന്നുവെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 6:19 pm

തിരുവനന്തപുരം: കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ്. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

താൻ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ബസ്സ് അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി.

വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നു. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാര്‍ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കി.

‘സവാരി നടത്തുന്നതിനിടയിൽ വണ്ടി നിര്‍ത്തിയിട്ടാല്‍, സ്ഥലമെവിടെയാണെന്നുപോലും പറയാനിവര്‍ കൂട്ടാക്കാറില്ല. രാത്രിയാത്രകളിൽ സ്ഥലം മനസ്സിലാകാതെയിരിക്കുന്ന യാത്രക്കാര്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ തെറിവിളിക്കും’ യുവാവ് പറയുന്നു. ബസ് ജീവനക്കാർ മദ്യപിച്ചാണ് കൂടുതൽ സമയവും ജോലി ചെയ്യാറുള്ളതെന്നും ഇവരുടെ ഗുണ്ടായിസം ഭയന്ന് ആരും ഇതിനെ ചോദ്യം ചെയ്യാറില്ലെന്നും യുവാവ് പറയുന്നു.

ബസുടമകൾ ബസിനുള്ള കേടുപാടുകൾ സമയത്ത് പരിഹരിക്കാറില്ലെന്നും അതിനാൽത്തന്നെ ബസ് വഴിയിൽ പണിമുടക്കുന്നത് പതിവാണെന്നും യാത്രക്കാർ പറയുന്നുണ്ട്. ബസ് കേടായപ്പോൾ അതിൽ നിന്നും പുക ഉയരുന്ന വീഡിയോ ദൃശ്യവും ഒരു യാത്രക്കാരൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കെവെച്ചിട്ടുണ്ട്.