| Tuesday, 21st March 2023, 4:02 pm

ആദ്യ പത്തില്‍ രണ്ട് തവണ ഇടം നേടി സഞ്ജു, അതും രണ്ട് ടീമിനൊപ്പം; ഇത്തവണ ആ നേട്ടം ആര്‍ക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

നിരവധി യുവതാരങ്ങള്‍ക്ക് തങ്ങളുടെ പ്രതിഭ വ്യക്തമാക്കാനുള്ള വേദിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍ നല്‍കിയത്. ആഭ്യന്തര തലങ്ങളില്‍ മാത്രം ശ്രദ്ധ നേടിയിരുന്ന പല താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ലൈം ലൈറ്റിലേക്ക് കൊണ്ടുവരാനും ഐ.പി.എല്ലിന് സാധിച്ചിട്ടുണ്ട്.

ഐ.പി.എല്‍ കണ്ടെത്തിയ താരങ്ങളും ഇക്കൂട്ടത്തില്‍ ഏറെയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണ്‍, റിഷബ് പന്ത്, യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് മുതല്‍ വൈകിയ വേളയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ ത്രിപാഠി വരെ ആ പട്ടിക നീളുന്നു.

മികച്ച പ്രകടനം നടത്തി ബി.സി.സി.ഐയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഐ.പി.എല്ലില്‍ കളിക്കാനിറങ്ങുന്ന ഓരോ യുവ താരങ്ങളുടെയും ലക്ഷ്യം. അത്തരത്തില്‍ അവരില്‍ ചില താരങ്ങളുടെ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

ടി-20 ലോകകപ്പ് വിജയിക്കുന്നതിനേക്കാള്‍ പ്രയാസം ഐ.പി.എല്‍ വിജയിക്കാനാണെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍ അടുത്തിടെ അഭിപ്രായപ്പെട്ടത്. ഇങ്ങനെയുള്ള ഐ.പി.എല്ലില്‍ സെഞ്ച്വറിയടിക്കുക എന്നതും അല്‍പം പ്രയാസമേറിയ കാര്യമാണ്. കഴിഞ്ഞ സീസണില്‍ വെറും നാല് താരങ്ങള്‍ മാത്രമാണ് സെഞ്ച്വറി നേടിയത് എന്ന വസ്തുത ഇക്കാര്യം അടിവരയിടുന്നതുമാണ്.

എന്നാല്‍ ഐ.പി.എല്ലില്‍ സെഞ്ച്വറി തികച്ചവരും ഏറെയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂപ്പര്‍ താരം മനീഷ് പാണ്ഡേയാണ് ഐ.പി.എല്ലില്‍ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 2009ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി സെഞ്ച്വറി നേടുമ്പോള്‍ 19 വയസും 253 ദിവസുമായിരുന്നു പാണ്ഡേയുടെ പ്രായം.

ഈ പട്ടികയില്‍ രണ്ട് തവണ ഇടം നേടിയ താരവുമുണ്ട്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണാണ് ആ നേട്ടം കൈവരിച്ച താരം. 2017ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനും 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനുമൊപ്പമാണ് സഞ്ജു സെഞ്ച്വറി തികച്ചത്.

ഐ.പി.എല്ലില്‍ സെഞ്ച്വറി തികച്ച പ്രായം കുറഞ്ഞ താരങ്ങള്‍

(താരം, ടീം, സെഞ്ച്വറി നേടിയ വര്‍ഷം, സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം എന്നീ ക്രമത്തില്‍)

1. മനീഷ് പാണ്ഡേ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2009 – 19 വയസും 253 ദിവസവും.

2. റിഷബ് പന്ത് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2018 – 20 വയസും 218 ദിവസവും.

3. ദേവ്ദത്ത് പടിക്കല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2021 – 20 വയസും 289 ദിവസവും.

4. സഞ്ജു സാംസണ്‍ – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2017 – 22 വയസും 151 ദിവസവും.

5. ക്വിന്റണ്‍ ഡി കോക്ക് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2016 – 23 വയസും 112 ദിവസവും.

6. ഡേവിഡ് വാര്‍ണര്‍ – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2010 – 23 വയസും 153 ദിവസവും.

7. അജിന്‍ക്യ രഹാനെ – രാജസ്ഥാന്‍ റോയല്‍സ് – 2012 – 23 വയസും 315 ദിവസവും.

8. ഡേവിഡ് മില്ലര്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2013 – 23 വയസും 330 ദിവസവും.

9. സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 2019 – 24 വയസും 138 ദിവസവും.

10. ഋതുരാജ് ഗെയ്ക്‌വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2021 – 24 വയസും 244 ദിവസവും.

ഐ.പി.എല്ലിന്റെ പുതിയ സീസണിലും നിരവധി യുവതാരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്. ഇവരില്‍ ആരാവും മനീഷ് പാണ്ഡേയുടെ റെക്കോഡ് തകര്‍ക്കുകയെന്നും പട്ടികയില്‍ ഇടം പിടിക്കുകയെന്നും ഉള്ള ചര്‍ച്ചയിലാണ് ആരാധകര്‍.

Content Highlight: Youngest player to score a century in IPL

We use cookies to give you the best possible experience. Learn more