ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന യു.ആര്‍.എഫ് നാഷണല്‍ റെക്കോര്‍ഡിന് ആഷിഖ് ജിനുവെന്ന പതിനൊന്ന് വയസ്സുകാരന്‍ അര്‍ഹനായത് പീടിക എന്ന ചിത്രത്തിലൂടെയാണ്. ഇന്നിപ്പോള്‍ കുട്ടിസംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രമായ ഇവ യുടെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്.
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് ജിനു തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. ലോക്ക്ഡൗണ്‍ കാലത്താണ് ഇവയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സുഹൃത്താണ് രണ്ടാമതൊരു സംവിധാനം ചെയ്യാമോ എന്ന് ചോദിച്ച് അടുത്തെത്തിയതെന്ന് ആഷിഖ് പറയുന്നു. അങ്ങനെയാണ് അച്ഛന്‍ ജിനു സേവ്യറിന്റെ തിരക്കഥയ്ക്ക് അച്ഛന്റെ സുഹൃത്തിന്റെ നിര്‍മാണത്തില്‍ മകന്‍ രണ്ടാം സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത്.
എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് ചാരായവേട്ടയുടെ കഥയാണ് ഇവയില്‍ പറയുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ അച്ഛനാണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ആഷിഖ് പറയുന്നു. ആനന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഇവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ആഷിഖ് പറയുന്നു.
ഇതുവരെ ആറ് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും ആഷിഖ് സംവിധാനം ചെയ്തു കഴിഞ്ഞു. തുടര്‍ച്ചയായ ഇടവേളകള്‍ എടുത്ത് പുതിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതാണ് തനിക്ക് ഏറെ ഇഷ്ടമെന്നും ആഷിഖ് പറയുന്നു.
ആഷിഖിന്റെ അച്ഛന്‍ ജിനു സേവ്യര്‍ ചെന്നൈയില്‍ ശങ്കര്‍, മണിരത്‌നം എന്നിവര്‍ക്കൊപ്പം അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ള ആളാണ്. അച്ഛനൊപ്പം സിനിമാ സെറ്റുകളിലേക്ക് യാത്ര ചെയ്താണ് തനിക്ക് സിനിമയോട് അടുപ്പം തോന്നിയതെന്നും ആഷിഖ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക