കൊല്‍ക്കത്ത: പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച് പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
ഒരു വിഭാഗം സ്ത്രീകള്‍ ലഹരി ഉപയോഗിച്ചതിന് ശേഷം തെരുവുകളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ടാഗോറിന്റെ ഗാനങ്ങളിലെ വരികള്‍ വളച്ചൊടിച്ച് വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ”അശ്ലീല” പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്.
” വീഡിയോയില്‍ അന്തസ്സില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ചില യുവതികള്‍ ആത്മാഭിമാനം, അന്തസ്സ്, സംസ്‌കാരം, ധാര്‍മ്മികത എന്നിവയൊക്കെ മറന്നുപോവുകയാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അത് സമൂഹത്തിന്റെ അപചയമാണ്. കുറച്ചു ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുകയും സ്ത്രീകള്‍ അത്തരം പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ ലഹരി ഉപയോഗിച്ച് ഇരിക്കുകയും ദിവസം മുഴുവന്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാം ആത്മപരിശോധന നടത്തണം,” ദീലീപ് ഘോഷ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ തെരുവുകളില്‍ ആക്രമണത്തിന് ഇരയാകുമെന്നും ഘോഷ് പറഞ്ഞു. ദിലീപ് ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.