പാല: കോട്ടയം പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ സ്വദേശിനി ദൃശ്യയെയാണ് ഭര്‍തൃവീട്ടില്‍വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ദൃശ്യയുടെ മരണമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി പറയുന്നു. സംഭവം നടന്ന ദിവസം ദൃശ്യയെ ഭര്‍തൃവീട്ടിലെത്തി കണ്ടിരുന്നുവെന്ന് മണി പറഞ്ഞു. സഹോദരിയെ കണ്ടശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ താന്‍ മടങ്ങിയെന്നും ഏലപ്പാറയിലെ സ്വന്തം വീട്ടിലെത്തിയപ്പോഴേക്കും ദൃശയുടെ മരണവാര്‍ത്ത അറിഞ്ഞെന്നും മണി പറഞ്ഞു.
മദ്യപാനികളായ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മണി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദൃശ്യയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.
യുവതി തീകൊളുത്തിയശേഷം കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദൃശ്യ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായും പൊലീസ് പറയുന്നു. നാല് വര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും തമ്മിലുള്ള വിവാഹം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയുടെ പുരയിടത്തിലെ കിണറില്‍ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്ന ദൃശ്യയോട് വീട്ടുകാരോടൊപ്പം തിരിച്ചുവന്നാല്‍ മതിയെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തിങ്കാളാഴ്ച തനിച്ചാണ് ദൃശ്യ വീട്ടിലേക്ക് വന്നത്. ഇതേത്തുടര്‍ന്ന്, ദൃശ്യയുടെ വീട്ടുകാരെ വിളിച്ചുവരുത്തി ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.