| Wednesday, 26th September 2012, 7:27 am

യുവത്വത്തോട് പ്രണയം, അധ്യാപകവൃത്തിയോട് താത്പര്യം: ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഒരു അധ്യാപകനായി സേവനമനുഷ്ടിക്കാന്‍ തനിയ്ക്ക് ഏറെ ആഗ്രഹമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ അധ്യാപകനായ തനിയ്ക്ക് ആ ജോലിയില്‍ നിന്നും വിട്ടുപോരാന്‍ ആഗ്രഹമില്ലായിരുന്നെന്നും മനസുകൊണ്ട് താന്‍ ഇപ്പോഴും ഒരു അധ്യാപകനാണെന്നും ഒബാമ പറഞ്ഞു.[]

“നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ത്തിനല്‍കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. അത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അറിവാണ് ലോകത്തെ ഏറ്റവും വലിയ ആയുധം. അത് കൈയ്യിലുള്ളവനാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.

അറിവ് തന്നില്‍ തന്നെ ഒതുക്കിനിര്‍ത്താതെ മറ്റുള്ളവരിലേക്കും കൃത്യമായി എത്തിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്‍. വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയാല്‍ യുവാക്കളോടൊപ്പം പ്രവര്‍ത്തിക്കാനാണ് എനിയ്ക്ക് ഇഷ്ടം. ഇന്നത്തെ ലോകത്തെ മുന്നോട്ട് നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ യുവാക്കളാണ്. അവര്‍ക്കൊപ്പം കൂടുമ്പോള്‍ ഞാനും ചെറുപ്പമാകും. മനസില്‍ പുതിയ ആശയങ്ങളും ചിന്തകളും കടന്നു കൂടും. ലോകത്തെ മറ്റൊരു വീക്ഷണ കോണിലൂടെ കാണാന്‍ സാധിക്കും”- ഒബാമ പറഞ്ഞു.

ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം തവണയും മത്സരിക്കുന്ന ഒബാമ ജയിച്ചാല്‍ 2017വരെ അധികാരത്തില്‍ത്തുടരും. ഇപ്പോഴത്തെ കാലാവധി അടുത്ത ജനുവരി വരെയാണ്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയാണ് ഇക്കുറി ഒബാമയുടെ എതിരാളി.

We use cookies to give you the best possible experience. Learn more