ദല്‍ഹി : ഹിജാബ് ധരിച്ചതുകൊണ്ട് അവതാരകയാവാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്ന് മാധ്യമപ്രവര്‍ത്തക.
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ 24 കാരിയായ ഗസാല അഹമ്മദിനാണ് ജോലി നിഷേധിക്കപ്പെട്ടത്.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദി ചാനലിലേക്ക് അവതാരകയായി അപേക്ഷ നല്‍കിയ യുവതിക്ക് സെലക്ഷന്‍ കിട്ടുകയും വേതനമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ താന്‍ ഹിജാബ് ധരിക്കുമെന്ന് അറിഞ്ഞപ്പോള്‍ ഗസാല അഹമ്മദിന് ജോലി നിഷേധിക്കുകയായിരുന്നു.
ഇത് തനിക്ക് ജോലി കിട്ടാത്തതിന്റെ മാത്രം പ്രശ്‌നമല്ലെന്നും മുസ്‌ലിം ഐഡറ്റി ഉള്ളതുകൊണ്ടുമാത്രം ജോലി നിഷേധിക്കപ്പെടുന്ന സമ്പ്രദായമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഹിജാബ് ധരിക്കില്ലെന്ന ഉറപ്പ് പറഞ്ഞാല്‍ മാത്രമേ ജോലി നല്‍കുകയുള്ളൂവെന്നാണ് സ്ഥാപനത്തില്‍ നിന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
ആഗസ്റ്റ് 30 നാണ് സ്ഥാപനത്തില്‍ നിന്നും ഗസാലയ്ക്ക് ഫോണ്‍കോള്‍ വരുന്നത്. സെലക്ഷന്‍ കിട്ടിയ വിവരം പ്രതിനിധി അറിയിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ഹിജാബ് ധരിക്കും അത് പ്രശ്‌നമായിരിക്കില്ലല്ലോ എന്ന് ചോദിച്ച തന്നോട്ട് രണ്ട് മൂന്ന് മിനുട്ട് ഒന്നും പറയാതിരുന്നതിന് ശേഷം ഹിജാബ് ധരിക്കുന്നവരെ വലിയ മാധ്യമ സ്ഥാപനങ്ങള്‍ പോലും ജോലിക്കെടുക്കുന്നില്ലല്ലോ എന്നായിരുന്നു മറുപടി. ഇത് ഇന്ത്യയാണെന്നും മാധ്യമങ്ങളാരും ഹിജാബ് ധരിച്ച ആളെ ജോലിക്കെടുത്തിട്ടില്ലെന്നും പറഞ്ഞതായി ഇവര്‍ പറഞ്ഞു.
ഹിജാബ് ധരിച്ച ഒരാളെ ജോലിക്കെടുത്താല്‍ തന്റെ സ്ഥാപനം പൂട്ടിപ്പോകുമെന്നും ഇയാള്‍ പറഞ്ഞതായി യുവതി പറഞ്ഞു.
എന്നാല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എന്‍.ഡി.ടിവി ടി.സി.എന്‍ ലൈവ് തുടങ്ങിവയ്ക്ക് വേണ്ടി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അവരാരും തന്റെ ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗസാല വ്യക്തമാക്കി.
ഈ തൊഴിലില്‍ പോലും ഇസ്ലാമോഫോബിയയും ലൈംഗികതയും വ്യാപകമാണ്,സ്ത്രീകള്‍ക്കും മുസ്ലിങ്ങള്‍ക്കും മറികടക്കാന്‍ നിരവധി തടസ്സങ്ങളുണ്ട്, അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlights: Young Muslim Journalist Alleges She Was Denied Job Because of Hijab