മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; സൂറത്കലില്‍ നിരോധനാജ്ഞ
national news
മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; സൂറത്കലില്‍ നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2022, 11:16 pm

ബെംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു. പൂത്തൂരു സൂറത്കല്‍ സ്വദേശി മംഗലപ്പട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ തുണിക്കട നടത്തുകയാണ് ഫാസില്‍. ഇതിനെത്തുടര്‍ന്ന് സൂറത്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുഖംമൂടി ധരിച്ചത്തിയ നാലംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു.

അതേസമയം, ഈ കൊലപാതകത്തിന് കഴിഞ്ഞ ദിവസം നടന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന സംശയമുണ്ട്.

കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരിയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രവീണിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് ബി.ജെ.പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നു.

അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന്റെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതിന്റെ വീഡിയോ വൈറലായിയിരുന്നു.

രാജി ഭീഷണിയും പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും തെരുവിലാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.

ഇതിനിടെ അക്രമങ്ങളിലേക്ക് നയിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ തടയാന്‍ സ്വതന്ത്ര ചുമതലയുള്ള കമാന്‍ഡ് സ്‌ക്വാഡിന് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കി.

Content Highlight: Young man stabbed in Mangaluru