ഭോപ്പാല്‍: പാകിസ്ഥാനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം നല്‍കാനായി ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം കിട്ടാനായി യുവാവിന് മുന്നില്‍ വ്യത്യസ്തമായ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇവയ്ക്ക് പുറമെ പൊലീസ് സ്റ്റേഷനിലെത്തി ദേശീയ പതാകയെ 21 തവണ സല്യൂട്ട് ചെയ്യാനും കോടതി യുവാവിനോട് നിര്‍ദേശിച്ചിരുന്നു.
കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ അംഗീകരിച്ച യുവാവ് കഴിഞ്ഞ ദിവസം സമീപത്തെ മിസ്രോദ് പൊലീസ് സ്റ്റേഷനിലെത്തി ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളില്‍ സ്റ്റേഷനിലെത്തി ഇപ്രകാരം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.
യുവാവിനെതിരെയുള്ള ഈ ശിക്ഷാ നടപടി കാണാന്‍ വിവിധ മാധ്യമങ്ങളും സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നതായും വീഡിയോ ചിത്രീകരിച്ചതായും മിസ്രോദ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മനീഷ് രാജ് ഭദോരിയ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഇത് സംബന്ധിച്ച കംപ്ലയിന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പൊലീസ് കൈമാറുമെന്നും കേസിന്റെ വിചാരണ തീരുന്നത് വരെ യുവാവിന്റെ ഈ പ്രവര്‍ത്തി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ തനിക്ക് കുറ്റബോധം ഉണ്ടെന്നും ചെയ്തത് വലിയ തെറ്റാണെന്നും ഫൈസാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരും ഇനി രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കരുതെന്നും അത്തരം റീലുകള്‍ എടുക്കരുതെന്നും താന്‍ സുഹൃത്തുക്കളോട് പറഞ്ഞതായും ഫൈസാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മെയിലാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ഫൈസാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തുടര്‍ന്ന് മിസ്രോദ് പൊലീസ് ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 153 ബി (ദേശീയ ഉദ്ഗ്രഥനത്തിന് ദോഷകരമായ വാദങ്ങള്‍) പ്രകാരം കേസ് എടുക്കുകയായിരുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഫൈസാനോട് രാജ്യത്തെ ആദരിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ജാമ്യത്തില്‍ വിട്ടേക്കാമെന്ന് ഹൈക്കോടതി ജസ്റ്റിസ് ഡി.കെ പാലിവാള്‍ ഉത്തരവിടുകയായിരുന്നു.
Content Highlight: Young man shouting slogans in praise of Pakistan; High Court summons Bharat Mata Ki Jai for bail