| Thursday, 9th March 2023, 3:58 pm

കൃഷി സ്ഥലത്തിലൂടെ നടന്നു; യു.പിയില്‍ സഹോദരങ്ങള്‍ സൈനികനെ വെടിവെച്ച് കൊന്നു; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയില്‍ യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

കേസില്‍ മനിപ്പൂരിലെ കര്‍ഷകനായ അജിത് ചൗഹാനും സഹോദരന്‍ രഞ്ജിത് ചൗഹാനുമാണ് അറസ്റ്റിലായത്. മനിപ്പൂരില്‍ തന്നെയുള്ള മുരാരി ലാല്‍ ബധോരിയ എന്ന യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തന്റെ കൃഷി സ്ഥലത്തിലൂടെ നടന്നതിനെ ചൊല്ലിയാണ് അജിത്തും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് ദൃക്‌സാക്ഷികളെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

അജിത് ചൗഹാനും യുവാവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതും അടികൊണ്ട യുവാവ് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇതിനിടയിലേക്ക് രഞ്ജിത് ചൗഹാന്‍ കടന്ന് വരികയും തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മുരാരി ലാലിന് നേരെ നിറയൊഴിക്കുന്നതും അദ്ദേഹം അവിടെ വീഴുന്നതും വീഡിയോയിലുണ്ട്.

സമീപത്തുണ്ടായ ഗ്രാമവാസിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട മുരാരിലാല്‍ മുന്‍ സൈനികനാണെന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ പുറത്ത് വന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും യോഗി ആദിത്യനാഥിനുമെതിരെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും പൊലീസിനെയും നിയമത്തെയും ഭയമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്.

കേസില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തതായി മനിപ്പുരി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകത്തിന് പുറമെ ആയുധം കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlight: Young man shot dead in up, video gone viral

We use cookies to give you the best possible experience. Learn more