ഫാന്‍ ഫൈറ്റിന് വേണ്ടിയുള്ള തമാശയ്ക്കായാണ് മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതെന്ന് കേസില്‍ അറസ്റ്റിലായ യുവാവ്.
സംഭവത്തില്‍ മോഹന്‍ലാലിനോടും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടും ആരാധകരോടും മാപ്പ് ചോദിക്കുന്നതായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് പറഞ്ഞു. ടെലിഗ്രാമിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനായിരുന്നു നസീഫ് അറസ്റ്റിലായത്.
‘ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. അവന്‍ അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു.
മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു,’ നസീഫ് പറഞ്ഞു.
അതേസമയം, ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ചിത്രത്തിലെ ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ യൂട്യൂബിലും പ്രചരിച്ചിരുന്നു.
തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു.