ആലപ്പുഴ: കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയറില്‍ യുവാവിന്റെ കഴുത്ത് കുരുങ്ങുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് മരം മുറിക്കുന്നത്തിനായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സെയ്ദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം.
കഴുത്തില്‍ കയര്‍ കുരുങ്ങിയതിന് പിന്നാലെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പങ്കാളിയും യുവാവിന്റെ രണ്ട് മക്കളും അപകടസമയം ബൈക്കിലുണ്ടായിരുന്നു. മൂവരും സുരക്ഷിതരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു.
യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ അംഗമായ വി.കെ. ബീനാകുമാരിയുടേതാണ് നടപടി.
മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഇതിനുപിന്നാലെയാണ് പൊലീസും വിഷയത്തില്‍ നടപടിയെടുത്തത്. അപകടത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെ പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
യാതൊരു വിധത്തിലുളള സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയെന്ന് റോഡിന് കുറുകെ കയര്‍ കെട്ടിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അപകടത്തെ തുടര്‍ന്ന് ആറു പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സെയ്ദിന്റെ മൃതദേഹം നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: young man died after a rope got stuck around his neck; police registered a case of involuntary manslaughter