| Thursday, 14th November 2024, 8:04 pm

84 ലക്ഷത്തിന്‍റെ ഇൻഫോസിസ് പ്രൈസ് മലയാളി യുവചരിത്രകാരന്‍ മഹ്‍മൂദ് കൂരിയയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: 2024ലെ ഇൻഫോസിസ് പ്രൈസ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. മഹമൂദ് കൂരിയയ്ക്ക്. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലാണ് പുരസ്‌കാരം. സ്വർണ മെഡലും പ്രശസ്തി പത്രവും 100,000 യു.എസ് ഡോളറിന്റെ (ഏകദേശം 84 ലക്ഷം രൂപ) സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ് ഈ പുരസ്കാരം.

പൂർവാധുനിക കാലത്തെ ഇസ്‌ലാമിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും സംഭാവനകൾക്കുമാണ് മഹ്‍മൂദിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ഇൻഫോസിസ് പുരസ്‌കാര നിർണയ സമിതി അറിയിച്ചു.

പ്രൊഫ. കൂരിയയുടെ കൃതി, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരപ്രദേശത്തുടനീളമുള്ള സാമൂഹിക-സാമ്പത്തിക, സാംസ്കാരിക പരിവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇസ്‌ലാമിക നിയമത്തിൻ്റെ പങ്ക് പരിശോധിക്കുന്നു.

ഇക്കണോമിക്‌സ്, എഞ്ചിനീയറിങ് , കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ലൈഫ് സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ മേഖലകളിലായി 40 വയസ്സിന് താഴെയുള്ള ആറ് യുവ ഗവേഷകരെ ആദരിച്ചുകൊണ്ട് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐ.എസ്.എഫ് ) 2024 ലെ ഇൻഫോസിസ് പ്രൈസ് ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlight: Young Malayali historian Mahmood Kooria wins 2024 Infosys Prize in Humanities and Social Sciences category

We use cookies to give you the best possible experience. Learn more