| Monday, 8th July 2019, 2:51 pm

യുവനേതാവ് പാര്‍ട്ടിയെ നയിക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു; സച്ചിന്‍ പൈലറ്റിലേക്ക് എല്ലാ കണ്ണുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഹുല്‍ ഗാന്ധിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് യുവനേതാവാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണത്തിന് ശേഷമാണ് ഈ ആവശ്യം ശക്തിപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആരുടെയെങ്കിലും പേരെടുത്ത് പറയുന്നില്ലെങ്കിലും സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുമാണ് അവര്‍ മനസ്സില്‍ കാണുന്നത്. നിലവില്‍ സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടേയും പേര് തന്നെയാണ് പരിഗണിക്കപ്പെടുന്നത്.

41കാരനായ സച്ചിന്‍ പൈലറ്റിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞതും താഴെ തട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതും. ഇതാണ് സച്ചിന്‍ പൈലറ്റിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇടയാക്കുന്നത്.

48കാരനായ ജ്യോതിരാദിത്യ സിന്ധ്യ യുവത്വം നിറഞ്ഞ നേതാവാണ്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതും സിന്ധ്യ തന്നെ പരാജയപ്പെട്ടതും സാധ്യതകളെ അല്‍പ്പം പിന്നോട്ടടിപ്പിക്കുന്ന ഘടകമാണ്.

യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും മിലിന്ദ് ദിയോറയും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേശവ് ചന്ദ് യാദവും സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചതാണ് യുവനേതാക്കളിലേക്ക് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ തിരിയാന്‍ കാരണം.

We use cookies to give you the best possible experience. Learn more