കൊല്‍ക്കത്ത: മെട്രോയില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം സദാചാരവാദികളുടെ ആക്രമണമുണ്ടായ സംഭവത്തില്‍ മെട്രോ സ്‌റ്റേഷനുകളില്‍ കെട്ടിപ്പിടിച്ച് പ്രതിഷേധം. യാത്രികര്‍ക്ക് “സൗജന്യ ഹഗ്” ഓഫര്‍ ചെയ്താണ് ഒരു കൂട്ടം യുവതീ യുവാക്കള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ക്ക് നേരെ സദാചാരപ്പൊലീസിന്റെ ആക്രമണമുണ്ടായത്. മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ പരസ്പരം കൈകള്‍ പിണച്ച് ചേര്‍ന്നിരുന്നത് സഹയാത്രികരിര്‍ പലരും എതിര്‍ത്തിരുന്നു. മുതിര്‍ന്ന ആളുകള്‍ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ രംഗത്ത് വന്നു. തുടര്‍ന്ന് ദംദം സ്റ്റേഷനിലിറങ്ങിയ ദമ്പതികള്‍ക്ക് നേരെ കൈയേറ്റം നടത്തുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയെയും ആള്‍ക്കൂട്ടം കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിനെതിരെ കൊല്‍ക്കത്ത സ്‌റ്റേഷനിലും സോഷ്യല്‍മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തസ്‌ലീമ പ്രതിഷേധം അറിയിച്ചത്. “കൊല്‍ക്കത്ത സ്റ്റേഷനില്‍ പരസ്പരം അടുത്തിടപഴകിയ ദമ്പതികള്‍ ചിലരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു. അവര്‍ അവരെ മര്‍ദ്ദിച്ചു. വിദ്വേഷത്തിന്റെ രംഗങ്ങള്‍ അനുവദനീയമാണ്. പക്ഷേ സ്‌നേഹത്തിന്റെ രംഗങ്ങള്‍ അവര്‍ക്ക് അശ്ലീലമാണ്.” – അവര്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അരുണവ ഘോഷും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “പ്രായപൂര്‍ത്തിയായവര്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. മൂന്നാമന് അവിടെ സ്ഥാനമില്ല. അത്തരം അവസരങ്ങളില്‍ സദാചാര പൊലീസിങ്ങിങ് നിയമവിരുദ്ധമാണ്”- അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ആക്രമണത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആക്രമികളെ തിരിച്ചറിയാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട്.
https://twitter.com/1ankitaseal/status/991370701025304577