| Monday, 13th November 2023, 3:13 pm

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു: ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് ഇന്ത്യയിലെ യുവാക്കളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്‍ക്കുകയാണെന്ന് ഖാര്‍ഗെ. തൊഴിലിനായി ഇന്ത്യന്‍ യുവത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ് ഇന്ത്യയെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

‘മോദി സര്‍ക്കാറിന്റെ വഞ്ചനയില്‍ ഇന്ത്യന്‍ യുവത്വം മടുത്തു,’ തെലങ്കാനയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഒരു യുവതി വൈദ്യുത തൂണില്‍ കയറി മോദിയോട് സംസാരിക്കാന്‍ ശ്രമിച്ച സംഭവത്തെ പരാമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.

തെലങ്കാനയിലെ മോദിയുടെ പ്രസംഗത്തിനിടെ ഒരു യുവതി ലൈറ്റുകള്‍ ഉറപ്പിച്ച തൂണിലേക്ക് കയറിയിരുന്നു. ഇവരോട് മോദി താഴെയിറങ്ങിവരാനും ആവരുടെ ആവശ്യം കേള്‍ക്കാമെന്നും പറഞ്ഞിരുന്നു.

‘സാമ്പത്തിക ശാക്തീകരണമാണ് യുവത്വം ആഗ്രഹിച്ചത്, എന്നാല്‍ അതിനു പകരമായി ബി.ജെ.പി നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം നല്‍കി. ഇതിലൂടെ അവരുടെ സമ്പാദ്യം 47 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

സാമ്പത്തിക, സാമൂഹിക ശാക്തീകരണമാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അതിന് പകരം മോദി സര്‍ക്കാര്‍ വന്‍ വിലക്കയറ്റം നല്‍കി. സമ്പന്നരായ അഞ്ച് ശതമാനമാണ് ഇന്ത്യയുടെ സമത്തിന്റെ 60 ശതമാനവും കൈവശം വെക്കുന്നത്. മധ്യവര്‍ഗവും പാവപ്പെട്ടരും അപ്പോഴും ദുരിതത്തിലാണ്,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുള്ള സംരക്ഷണമാണ് ജനം ആഗ്രഹിച്ചിരുന്നതെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തതെന്ന് ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യ പോലൊരു വൈവിധ്യമുള്ള രാജ്യത്ത് ഐക്യവും സാഹോദര്യവും പ്രതീക്ഷിച്ചവര്‍ക്ക് ഭിന്നതയും വിദ്വേഷവുമാണ് ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

‘മോദി സര്‍ക്കാരും ബി.ജെ.പിയും യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തകര്‍ക്കുകയാണ്,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

Content highlight :Young India fed up with Modi government’s betrayal -kharge

We use cookies to give you the best possible experience. Learn more