മുംബൈ: മൈതാനത്തോട് വിട പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ സച്ചിനെന്ന താരം സൃഷ്ടിക്കുന്ന ആരവത്തിന് ഇന്നും ഒരു കുറവുമില്ല. താരങ്ങളുടെ പിറന്നാളാണെങ്കിലും മറ്റ് എന്തെങ്കിലും ആണെങ്കിലും സച്ചിന്റെ ട്വീറ്റ് ഉറപ്പാണ്. അഭിനന്ദനങ്ങള്‍ അറിയിക്കാനും സച്ചിന്‍ മടിക്കാറില്ല. അതിപ്പോ എത്ര ചെറിയ ആളാണെങ്കിലും. സച്ചിന്റെ അത്തരത്തിലുള്ളൊരു അഭിനന്ദനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.
തന്റെ കട്ട ഫാനായ ആറു വയസുകാരിയ്ക്ക് സച്ചിന്‍ നല്‍കിയ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. താര എന്ന കൊച്ചു സുന്ദരിയ്ക്കാണ് സച്ചിന്‍ മറുപടി നല്‍കിയത്. സച്ചിന്റെ ജീവിത കഥ പറഞ്ഞ സച്ചിന്‍; എ ബില്യണ്‍ ഡ്രീംസ് കണ്ടതിനെ കുറിച്ചുള്ള താരയുടെ കത്ത് സച്ചിന്റെ മനസ് കീഴടക്കുകയായിരുന്നു.
കുട്ടിക്കാലത്ത് സച്ചിന്‍ വലിയ കുസൃതിക്കാരാനായിരുന്നുവെന്ന് ചിത്രത്തില്‍ നിന്നും മനസിലായെന്നും സച്ചിന്റെ അവസാന മത്സരം കണ്ട് താന്‍ പൊട്ടിക്കരഞ്ഞെന്നുമെല്ലാം കൊച്ചു കാന്താരി കത്തില്‍ പറയുന്നുണ്ട്. പിന്നെ സച്ചിനെ കാണണമെന്ന മോഹവും അവള്‍ അറിയിക്കുന്നു.
കത്ത് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സച്ചിന്‍ ആറു വയസുകാരിയ്ക്ക് നന്ദിയറിയിച്ചത്. കത്തെഴുതിയിന് നന്ദിയുണ്ടെന്നും ചിത്രം ആസ്വദിച്ചെന്നറിഞ്ഞതില്‍ സന്തോഷമമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.