തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്ര മേള(ഐ.ഡി.എസ്.എഫ്.എഫ്.കെ)യുടെ സമാപന ചടങ്ങില്‍ പ്രതിഷേധവുമായി യുവ സംവിധായകന്‍. മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മാക് മെറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെയാണ് മാക് മെര്‍ പ്രതിഷേധിച്ചത്. എം.ജി യുണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി ദീപ പി. മോഹനന്റെ സമരത്തിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.
സംഘാടകര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചെങ്കിലും വേദിയിലെത്തിയ മാക് മെര്‍ മന്ത്രിയോട് തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നീട് പുരസ്‌കാരം മന്ത്രി വേദിയിലെ കസേരയില്‍ വെച്ചതിന് ശേഷമാണ് മാക് മെര്‍ അവിടെ നിന്ന് എടുത്തത്.
സംസ്ഥാനത്ത് നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രം എന്ന നിലയില്‍ ആയിരുന്നു ബേണ്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. ക്യാമ്പസിലെ ജാതി വിവേചനം ആയിരുന്നു ബേണ്‍ ചര്‍ച്ച ചെയ്ത വിഷയം. ബേണിനൊപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത അണ്‍സീന്‍ വോയ്സിനും ഇതേ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
അതേസമയം, ആവശ്യം എം.ജി സര്‍വകലാശാല അംഗീകരിച്ചതോടെ ജാതി വിവേചനത്തിനെതിരെയുള്ള ദീപ പി. മോഹനന്റെ സമരം കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.
ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. വി.സി. സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
2011ലായിരുന്നു ദീപ പി. മോഹനന്‍ നാനോ സയന്‍സില്‍ എം.ഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാര്‍ത്ഥിയായ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷമായി എം.ജി സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരെ പോരാട്ടത്തിലാണ് ദീപ പി. മോഹനന്‍.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ദീപയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവികൊടുത്തില്ല. ഒരുപാട് നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയിത്.