ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കാലിനടിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഈ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ദി യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ്. അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമാണിത്.
കൊവിഡ് 19 പ്രതിരോധത്തിലും അതിജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് ഫ്‌ളോയിഡിന്റെ മരണത്തോടെ തെരുവിലേക്കിറങ്ങുകയായിരുന്നു. ന്യൂയോര്‍ക്കിലെ തെരുവില്‍ ഇതിനോടകം ഒരു ഡസന്‍ പ്രതിഷേധങ്ങളാണ് യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് സംഘടിപ്പിച്ചത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത സംഘടനയിലെ അംഗങ്ങളെ ഒന്നിലധികം തവണ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് പ്രതിഷേധം.
ട്രംപ് ടവറിന് ചുറ്റും ദിവസവും വളഞ്ഞ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത് വൈ.എസ്.എല്‍ ആണ്. റേസിസത്തിനും ഫാസിസത്തിനുമെതിരെ സന്ധിയില്ലാ പോരാട്ടം തുടരുമെന്നാണ് വൈ.എസ്.എല്‍ പറയുന്നത്.
ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തടവിലാക്കപ്പെട്ടവര്‍ക്കുള്ള നിയമസഹായവും വൈ.എസ്.എല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എസ് നഗരങ്ങളില്‍ ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു.
നിരായുധനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
നിലവില്‍ പ്രതിഷേധം അമേരിക്ക കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുന്നുണ്ട്.