കോഴിക്കോട്: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ആയിരങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളെത്തുകയാണ്. കച്ചവടത്തിനു വെച്ചിരുന്ന തുണിത്തരങ്ങള്‍ വരെയെടുത്ത് ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദ് അടക്കമുള്ളവര്‍ ഈ ദുരിതകാലത്തെ നന്മനിറഞ്ഞ കാഴ്ചകളാണ്.
ഇപ്പോഴിതാ അത്തരമൊരു കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. കൈയിലുള്ള അവസാന ചില്ലറത്തുട്ടും എടുത്ത് ‘മലബാറിന് ഒരു കൈത്താങ്ങി’ല്‍ നല്‍കാനെത്തിയ ചേച്ചിയും കുഞ്ഞനിയനുമാണ് ഇപ്പോഴത്തെ താരങ്ങള്‍.
അനിയന്‍ തന്റെ കൈയിലുണ്ടായിരുന്ന നോട്ടുകള്‍ മുഴുവന്‍ അവിടെയുണ്ടായിരുന്നവരെ ഏല്‍പ്പിക്കുന്നുണ്ട്. അടുത്തതായി ചേച്ചി കൈയിലുള്ള ബാഗ് തുറന്ന് അതിലുള്ള ചില്ലറത്തുട്ടുകള്‍ മേശപ്പുറത്തേക്കു പെറുക്കിയിടുകയാണ്.
അവസാന ചില്ലറത്തുട്ടും മേശപ്പുറത്തിട്ട ചേച്ചിയോട് അനിയന്‍ ചെവിയില്‍ പറയുന്ന ഒരു കാര്യം അവിടെനില്‍ക്കുന്നവരെ ചിരിയിലാഴ്ത്തുന്നുണ്ട്. എല്ലാ നിഷ്‌ക്കളങ്കതയോടും കൂടിയാണ് ആ കുട്ടി ഇങ്ങനെ പറയുന്നു- ‘എടീ ഫുള്ളും കൊടുക്കല്ലേടീ.’
എന്നിട്ട് തന്റെ കുഞ്ഞിക്കൈയില്‍ കൊള്ളാവുന്ന കുറച്ചു ചില്ലറത്തുട്ടുകളെടുത്ത് ബാഗിലേക്ക് ഇടുകയാണ് ആ കുട്ടി. ചേച്ചി എതിര്‍ത്തെങ്കിലും അവനത് ബാഗില്‍ത്തന്നെയിട്ടു.
‘ദുരിതബാധിതരെ സഹായിക്കാന്‍ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. ‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.