'മന്ത്രി മാനസിക നില തെറ്റിയത് പോലെ സംസാരിക്കുന്നു'; ശിവന്‍കുട്ടിക്കെതിരെ യൂജിന്‍ പെരേര
Kerala News
'മന്ത്രി മാനസിക നില തെറ്റിയത് പോലെ സംസാരിക്കുന്നു'; ശിവന്‍കുട്ടിക്കെതിരെ യൂജിന്‍ പെരേര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th July 2023, 8:31 pm

തിരുവനന്തപുരം: മുതലപ്പൊഴി പ്രതിഷേധത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേര. യൂജിന്‍ പെരേര സംഭവ സ്ഥലത്ത് എത്തിയ ഉടനെ കലാപാഹ്വാനം നടത്തിയെന്ന മന്ത്രിയുടെ പരാമര്‍ശത്തിലാണ് പ്രതികരണം. മന്ത്രി മാനസിക നില തെറ്റിയ രീതിയിലാണ് സംസാരിക്കുന്നതെന്നും അതില്‍ കൂടുതലൊന്നും ആരോപിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവസ്ഥലത്ത് ഒരുപാട് ദൃശ്യമാധ്യമങ്ങളുണ്ടായിരുന്നുവെന്നും താന്‍ കലാപാഹ്വാനം നടത്തിയിരുന്നെങ്കില്‍ അത് മാധ്യമങ്ങളിലൂടെ കാണില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘ഞാന്‍ കയറിച്ചെല്ലുമ്പോള്‍ തന്നെ ക്ഷോഭിച്ചാണ് മന്ത്രി ശിവന്‍കുട്ടിയുണ്ടായിരുന്നത്. ജാഡയൊന്നും വേണ്ടെന്നാണ് എന്നോട് പറഞ്ഞത്. അതിനൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. അതിനെ വളച്ചൊടിച്ച് കലാപാനം സൃഷ്ടിക്കാന്‍ എന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ന്യായമായി ആവശ്യപ്പെട്ട കാര്യം സാധിക്കാത്തത് കൊണ്ട് ഇങ്ങനെ വളരെ ഭംഗിയായി സഭയുടെ മേലും സഭയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ പേരിലും ഏണി ചാരി രക്ഷപ്പെടാനുള്ള വലിയ നീക്കമാണിത്. അത്രയേ ഞാന്‍ കാണുന്നുള്ളൂ.

അവിടെ ഒരുപാട് ദൃശ്യമാധ്യമങ്ങളുണ്ടായിരുന്നു. അവിടെ ഫാദര്‍ യൂജിന്‍ പെരേര കലാപാഹ്വാനം നടത്തിയിരുന്നെങ്കില്‍ അത് മാധ്യമങ്ങളില്‍ വരും. വിഴിഞ്ഞം സമരത്തില്‍ പ്രതിസന്ധിയുണ്ടാപ്പോഴും സമരം അവസാനിപ്പിക്കാന്‍ രംഗത്ത് നിന്ന് പ്രവര്‍ത്തിച്ചയാളാണ് ഞാന്‍.

അങ്ങനെയുള്ളവരെ കലാപകാരികളായി വിശേഷിപ്പിക്കുന്നത് മന്ത്രിയുടെ മാനസിക നില തെറ്റിയതിന്റെ വിശേഷണമാണ്. ഞാന്‍ അതില്‍ കൂടുതലൊന്നും ആരോപിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

സമരം പരാജയപ്പെട്ടില്ലെന്നും വിഷയം കൈവിട്ട് പോയപ്പോള്‍ മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്ന രീതിയാണ് മന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനിപ്പോഴും സമരം പരാജയപ്പെട്ടതായി കാണുന്നില്ല. സമരം അതിന്റെ വഴിക്ക് തന്നെ പോയിട്ടുണ്ട്. അതിന്റെ വസ്തുതകള്‍ 20ാം തിയ്യതി പുറത്ത് കൊണ്ട് വരും. വളരെ നിഗൂഢമായ പല ഇടപെടലുകളും, ഈ പറയുന്ന അണിയറ നീക്കങ്ങളും തിരക്കഥ നിര്‍മാണമൊക്കെ അവിടെ നടന്നിട്ടുണ്ട്. ഈ തിരക്കഥ പ്രകാരമാണ് മത്സ്യത്തൊഴിലാളികളെ അടിച്ചൊതുക്കിയത്.

സംസ്ഥാനം മുങ്ങി നില്‍ക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ രക്ഷകരായി വന്നത് ഈ മത്സ്യത്തൊഴിലാളികളാണ്. അതിലൊന്നും ഭയവും ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്കില്ല. പക്ഷേ കാലം ഇതൊക്കെ തെളിയിക്കും. സത്യം പുറത്ത് വരും.

വിഷയം കൈവിട്ട് പോകുമ്പോള്‍ മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുകയാണ് മന്ത്രി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഈ കുട്ടികളുടെയൊക്കെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി നല്ല നിലവാരമുള്ള വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. ഈ വര്‍ഷം വിഴിഞ്ഞം സമരസമയത്ത് തീരദേശത്തെ അധ്യാപകരൊക്കെ വളരെ ധൈര്യത്തോടെ രംഗത്ത് വന്നു. ഞങ്ങളൊക്കെ മത്സ്യത്തൊഴിലാളിക്ക് അധ്വാനത്തിന്റെ ഫലമായിട്ടാണ് അധ്യാപകരായി നില്‍ക്കുന്നത്,’ യൂജിന്‍ പെരേര പറഞ്ഞു.

യൂജിന്‍ പെരേര സംഭവ സ്ഥലത്ത് എത്തിയ ഉടനെ കലാപാഹ്വാനം നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശ്നമാണിതെന്ന് യൂജിന്‍ പെരേരയോട് പറഞ്ഞെങ്കിലും അദ്ദേഹം അതൊന്നും കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘ഞങ്ങളവിടെ ചെന്ന സാഹചര്യത്തില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. അവരവിടെ രണ്ട് ചേരിയായി തര്‍ക്കിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്നവിടെ ഇറങ്ങിയപ്പോള്‍ തന്നെ രണ്ട് സഹോദരിമാര്‍ ഒരു കാരണവുമില്ലാതെ ഞങ്ങളോട് തര്‍ക്കിച്ചു. ഞങ്ങള്‍ അവിടെ ചെന്നത് ഒരു അപരാധമാണെന്ന നിലയില്‍ ഉച്ചത്തില്‍ ഞങ്ങള്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ സംസാരിക്കുയായിരുന്നു. കുറച്ച് സമയം അവരോട് കാര്യങ്ങള്‍ പറഞ്ഞ ശേഷം ഞങ്ങള്‍ പത്രക്കാരോട് സംസാരിച്ചു.

തിരിച്ച് പോകാന്‍ വേണ്ടി തുടങ്ങിയ അവസരത്തിലാണ് യൂജിന്‍ പേരേരയും ആര്‍ച്ച് ബിഷപ്പും അവിടെയെത്തിയത്. യൂജിന്‍ പെരേര എത്തിയ ഉടനെ മന്ത്രിമാരെ തടയാന്‍ ആഹ്വാനം കൊടുത്തു. അദ്ദേഹം വിചാരിച്ചു അവിടെ കൂടി നിന്ന ആളുകള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന്. കാണിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശനമാണെന്നൊക്കെ ഞങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം കലാപാഹ്വാനം കൊടുക്കുന്നത് പോലെ എല്ലാ വാഹനങ്ങളെയും തടയാന്‍ ആഹ്വാനം കൊടുത്തു,’ എന്നാണ് മന്ത്രി പറഞ്ഞത്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാലംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്.

content highlights: youjin perera against sivankkutty