ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് 2-1നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. സൗദി തങ്ങളുടെ ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ മത്സരത്തിനിടെ ലയണല്‍ മെസിയുടെ തോളില്‍ തട്ടി സൗദി അറേബ്യന്‍ പ്രതിരോധ താരം അലി ബുഹൈലി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്നാണ് ബുഹൈലി പറഞ്ഞത്.
മത്സരത്തിനിടെ ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങള്‍ തരംഗമാകുന്നുണ്ടെങ്കിലും എന്താണ് സംസാരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മത്സരശേഷം ‘ദി ഗോള്‍ ഡോട് കോമിന്’ നല്‍കിയ അഭിമുഖത്തില്‍ ബുഹൈലി തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. മെസിയോട് എന്താണ് പറഞ്ഞതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മെസിയുടെ തോളില്‍ തട്ടി ബുഹൈലി എന്തോ പറയുന്നതായി വിഡിയോകളില്‍ കാണാം. മറുപടിയായി മെസി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അര്‍ജന്റീനയിലെ മറ്റു താരങ്ങള്‍ മെസിക്കരികിലേക്ക് നീങ്ങുന്നുണ്ട്. മത്സരത്തിന് അരമണിക്കൂര്‍ കൂടി ബാക്കി നില്‍ക്കവെയാണ് സംഭവം.
10ാം മിനിട്ടില്‍ പെനാല്‍ട്ടി ഗോളിലൂടെ സൂപ്പര്‍താരം ലയണല്‍ മെസി അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ശക്തമായ ആക്രമണമായിരുന്നു സൗദി കാഴ്ചവെച്ചത്.
മത്സരത്തില്‍ സൗദിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് ശ്രദ്ധേയനായിരുന്നു. അര്‍ജന്റീനയുടെ ഒറ്റ ഷോട്ടും ഗോളാക്കി മാറ്റാന്‍ ഒവൈസ് അനുവദിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ രണ്ടാമത്തെ ഗോളും നേടി ലീഡുയര്‍ത്തിയ സൗദി പിന്നീട് ഡിഫന്‍ഡിങ്ങിലേക്ക് തിരിയുകയായിരുന്നു. സൗദി താരങ്ങളില്‍ നിന്ന് ശാരീരിക അറ്റാക്കിങ് നേരിടേണ്ടി വന്ന അര്‍ജന്റീനക്ക് പെനാല്‍ട്ടിക്കുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓഫ് സൈഡുകളിലൂടെയും ഗോള്‍ നഷ്ടമായിരുന്നു.
അതേസമയം അര്‍ജന്റീനക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷമാക്കുകയാണ് സൗദി. ആഹ്ലാദസൂചകമായി സൗദിയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോള്‍ ആരാധകര്‍.
അര്‍ജന്റീനക്കായി മെസി ഗോള്‍ നേടിയപ്പോള്‍ സൗദിക്കായി സലേ അല്‍ഷെഹ്രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.
Content Highlights: You won’t win, says Ali Al-Bulayhi to Lionel Messi