| Friday, 12th April 2019, 2:37 pm

ഈ രാജ്യം സമാധാനമായിരിക്കാന്‍ നിങ്ങള്‍ സമ്മതിക്കില്ല; അയോധ്യയില്‍ പൂജ നടത്താന്‍ അനുവാദം ചോദിച്ച ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ പരിഗണനിയിലിരിക്കുന്ന അയോധ്യയില്‍ പൂജ നടത്താന്‍ അനുവാദം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസിലിരിക്കുന്ന സ്ഥലത്ത് മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട ഹരജിക്കാരനെ ശാസിക്കാനും കോടതി മറന്നില്ല.

‘നിങ്ങള്‍ ഈ രാജ്യത്തെ ഒരിക്കലും സമാധാനമായി ഇരിക്കാന്‍ സമ്മതിക്കില്ല. എല്ലായ്‌പ്പോയും എന്തെങ്കിലും കാണും’- ഹര്‍ജിക്കാരനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. പ്രസ്തുത സ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച കോടതി നടപടി റദ്ദ് ചെയ്യാനും സുപ്രീം കോടതി തയ്യാറായില്ല.

മാര്‍ച്ച് 8ന് അയോധ്യ കേസ് സുപ്രീം കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിടാന്‍ തീരുമാനിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു.

റിട്ടയേര്‍ഡ് ജഡ്ജ് എഫ്.എം ഖലീഫുള്ളയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അദ്ദേഹത്തെക്കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും.

അയോധ്യ ഭൂമി തര്‍ക്കത്തിന്റെ ”ശാശ്വതമായ പരിഹാരത്തിനായി” സാധ്യത തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. രാം ജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന് ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.

എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച ഹരജിക്കാരന്‍ എതിര്‍ത്തിരുന്നു. ”ഇത് മതപരവും വൈകാരികവുമായ വിഷയമാണ്, സ്ഥല തര്‍ക്കം മാത്രമല്ല” എന്ന് ഹിന്ദു മഹാസഭയുടെ അഭിപ്രായം.

”നിങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു മുമ്പ് അതിന്റെ തീരുമാനത്തെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ പറയുന്നത് അത് പരാജയമായിരിക്കുമെന്നാണ്. ഈ കേസ് ഹൃദയത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും ബന്ധങ്ങളുടെ മുറിവുണക്കുന്നതിനെക്കുറിച്ച് കൂടിയാണ്” എന്നായിരുന്നു ജസ്റ്റിസ് ബോബ്ദെ ഹിന്ദു മഹാസഭയ്ക്ക് നല്‍കിയ മറുപടി.

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. തങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more