ന്യൂദല്‍ഹി: ഇന്ത്യയുടെ ഇതിഹാസ കായിക താരം മില്‍ഖ സിംഗിനെ അനുസ്മരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. മികവ് ലക്ഷ്യമിടാന്‍ ഒരു രാജ്യത്തെ മുഴുവന്‍ പ്രേരിപ്പിച്ച ഒരു പാരമ്പര്യമാണ് മില്‍ഖ സിംഗിന്റേതെന്ന് കോഹ്‌ലി പറഞ്ഞു.
മില്‍ഖ സിംഗിന്റെ സ്വപ്നങ്ങളെ ഒരിക്കലും കൈവെടിയില്ലെന്നും അത് പിന്തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മില്‍ഖാ സിംഗിനെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് മില്‍ഖ സിംഗിന്റെ മരണം സംഭവിച്ചത്. കൊവിഡ് മുക്തനായ ശേഷവും ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ന്നതിനാല്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. 91 വയസായിരുന്നു.
മെയ് 20ന് രോഗബാധിതനായതു മുതല്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയേണ്ടി വന്നിരുന്ന മില്‍ഖ സിംഗിന്റെ ആരോഗ്യ നില വെള്ളിയാഴ്ച രാത്രിയോടെ കൂടുതല്‍ വഷളായി.
ട്രാക്കിലെ ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളിലൊരാളായിരുന്നു മില്‍ഖ സിംഗ്. 1958ലെ കാഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി.
ഈ നേട്ടത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ മില്‍ഖ സിംഗ് ‘പറക്കും സിംഗ്’ എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 1960ലെ റോം ഒളിംപിക്സില്‍ വെറും 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടമായത്. 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് നീണ്ട വര്‍ഷങ്ങളോളം മില്‍ഖയുടെ പേരിലായിരുന്നു.
പാകിസ്ഥാനില്‍ ജനിച്ച മില്‍ഖ വിഭജന കാലത്താണ് ഇന്ത്യയിലെത്തുന്നത്. ഏറെ ദൈന്യതകള്‍ നിറഞ്ഞ കുട്ടിക്കാലത്തിനും കൗമാരത്തിനും ശേഷം സൈന്യത്തില്‍ ചേര്‍ന്നതാണ് മില്‍ഖയുടെ ജീവിതത്തില്‍ കായികരംഗത്ത് വഴിത്തിരവായത്. സൈന്യത്തിലുണ്ടായിരുന്ന കാലത്താണ് വിവിധ ചാംപ്യന്‍ഷിപ്പുകളില്‍ അദ്ദേഹം പങ്കെടുക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: “You Will Never Be Forgotten”: Virat Kohli Pays Tribute To Milkha Singh