'മനോഹരമായ മെലഡിയാണ്, പക്ഷേ ഭീഷ്മയിലെ ഷൈന്‍ ടോമിന്റെ സ്‌റ്റെപ്പൊക്കെയാണ് രമ്യ കൃഷ്ണ കളിച്ചത്'
Film News
'മനോഹരമായ മെലഡിയാണ്, പക്ഷേ ഭീഷ്മയിലെ ഷൈന്‍ ടോമിന്റെ സ്‌റ്റെപ്പൊക്കെയാണ് രമ്യ കൃഷ്ണ കളിച്ചത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th March 2023, 12:14 pm

മലയാളം സിനിമയിലെ പാട്ടുകളിലെ വ്യത്യസ്ത ഘടകങ്ങളെ കുറിച്ച് സംസാരിക്കുകയാണ് യൂട്യൂബര്‍ ദിവ്യ കൃഷ്ണ. ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന വിഷ്വല്‍സായിരിക്കില്ല പാട്ട് കാണുമ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് ദിവ്യ കൃഷ്ണ പറഞ്ഞു. പൃഥ്വിരാജിന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയിലെയും മോഹന്‍ലാലിന്റെ ഒന്നാമനിലെ പാട്ടുമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി പറഞ്ഞത്. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമാ പാട്ടുകളെ കുറിച്ച് ദിവ്യ കൃഷ്ണ സംസാരിച്ചത്.

‘വിഷ്വല്‍സുമായി ഒരു മാച്ചുമില്ലാത്ത പാട്ടുകളുണ്ട്. പൃഥ്വിരാജിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്. പൂമാനം മേലെ വാര്‍ത്തിങ്കള്‍ താഴെ പൂമെയ്യില്‍ സ്‌നേഹത്തിന്‍ തേരോട്ടം എന്നൊക്കെയാണ് പാട്ടിന്റെ വരികള്‍. പൂമാനവും വാര്‍ത്തിങ്കളും എന്നൊക്കെ വരികള്‍ വരുന്ന പാട്ട് കൊണ്ട് പ്ലെയ്‌സ് ചെയ്തിരിക്കുന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റിനകത്തും ഫാന്‍സി കടയിലും കംമ്പ്യൂട്ടര്‍ കഫേയിലുമൊക്കെയാണ്. ചിലപ്പോള്‍ ബജറ്റിന്റെ പ്രശ്‌നം കൊണ്ടായിരിക്കും. പാട്ട് കേട്ട് നമ്മുടെ മൈന്‍ഡില്‍ ഒരു ഇമേജ് ഉണ്ടാവും. പക്ഷേ വിഷ്വല്‍സ് കാണുമ്പോള്‍ അത് മൊത്തത്തില്‍ അങ്ങ് പോവും.

അതുപോലെ മോഹന്‍ലാലിന്റെ ഒന്നാമന്‍ എന്ന പടത്തില്‍ മിഴിയിതളില്‍ നിലാ മലരിതളോ എന്നൊരു പാട്ടുണ്ട്. അതാണ് യേശുദാസും ജാനകിയമ്മയും ചേര്‍ന്ന് പാടിയ അവസാനത്തെ പാട്ടെന്ന് എനിക്ക് തോന്നുന്നു. അത് കിടിലന്‍ പാട്ടാണ്, ഗംഭീര പാട്ടാണ്. പക്ഷേ രമ്യ കൃഷ്ണന്റെ സെക്‌സിയായിട്ടുള്ള ഡാന്‍സ് സ്റ്റെപ്പുകളാണ് അതിന്റെ വിഷ്വല്‍സ്. ഭീഷ്മ പര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോ ട്രെന്‍ഡിങ്ങാക്കിയ സ്‌റ്റെപ്പൊക്കെ പുള്ളിക്കാരി ആ പാട്ടില്‍ ഇടുന്നുണ്ട്. അങ്ങനെ പല പാട്ടുകളുമുണ്ട്. പാട്ട് കേള്‍ക്കുമ്പോഴുള്ള വിഷ്വല്‍സല്ല പടത്തില്‍ വരുന്നത്.

ആയുഷ്‌കാലത്തിലെ മൗനം സ്വരമായി എന്ന പാട്ട് രണ്ട് പ്രാവിശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ വരികളും മ്യൂസിക്കും ഒരുപോലെയാണ്. ഔസേപ്പച്ചനാണ് മ്യൂസിക്. കൈതപ്രമാണ് വരികള്‍. അതിന്റെ ഒരു വേര്‍ഷന്‍ ഭയങ്കര റൊമാന്റിക്കാണ്, നല്ല ഫീലാണ്. മറ്റൊരു വേര്‍ഷന്‍ തികച്ചും വ്യത്യസ്തമായി കണ്ണൊക്കെ നിറഞ്ഞ് പോകുന്ന സങ്കടകരമായ, നിസഹായവസ്ഥയൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു പാട്ടാണ്,’ ദിവ്യ കൃഷ്ണ പറഞ്ഞു.

Content Highlight: you tuber divya krishna about songs from onnaman