സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെ പറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. തന്റെ വീഡിയോകളില്‍ ബോഡി ഷെയ്മിങ് പരാമര്‍ശം നടന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് അശ്വന്ത്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബോഡി ഷെയ്മിങ് ഞാന്‍ ചെയ്യാറില്ല. എന്താണ് പൊളിട്ടിക്കലി കറക്ട് എന്ന് എനിക്ക് അറിയാം. അതിനെ പറ്റി വ്യക്തമായ ധാരണയുണ്ട്. ഒരു കഥാപാത്രത്തെ കാസ്റ്റ് ചെയ്യുന്ന സമയത്ത് അത് മിസ് ഫിറ്റാവുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. സൈനികനോ പൊലീസ് ഓഫീസറോ ബോക്‌സറോ ബില്‍ഡറോ ഒക്കെ ആവുന്ന സമയത്ത് അതുപോലെയുള്ള ഫിസിക്ക് വേണം. അല്ലാതെ ലാലേട്ടന്റെ അത്രയും തടിയും വെച്ച് വന്നാല്‍ അത് മിസ് ഫിറ്റാണ്. എനിക്ക് വ്യക്തിപരമായി അത് സ്വീകരിക്കാന്‍ പറ്റില്ല. അതാണ് ഞാന്‍ പറയുന്നത്. അല്ലാതെ ലാലേട്ടന് തടി ഉണ്ടാകുന്നത് വ്യക്തിപരമായി എന്റെ വിഷയമല്ല.
അതുപോലെ ഹൃദയത്തിലെ ദര്‍ശന. അവരെ ഞാന്‍ കളിയാക്കി എന്ന് പറയുന്നു. വിനീത് ശ്രീനിവാസന്‍ കൊടുത്ത വിവരണം അനുസരിച്ച് എനിക്ക് ഇവരെ കാണുമ്പോള്‍ ഒന്നും തോന്നിയില്ല. ഒരു സാധാരണ പെണ്‍കുട്ടിയായാണ് തോന്നിയത്. അത് ബോഡി ഷെയ്മിങ്ങല്ല. ബോഡി ഷെയ്മിങ് എന്താണെന്ന് അറിയാത്ത ആളുകളാണ് ഞാന്‍ ബോഡി ഷെയ്മിങ് ചെയ്തുവെന്ന് പറയുന്നത്,’ അശ്വന്ത് പറഞ്ഞു.
കാപ്പയില്‍ അപര്‍ണ മുരളി അവതരിപ്പിച്ച കഥാപാത്രത്തിനെ പറ്റിയുള്ള വിമര്‍ശനം ചര്‍ച്ചയായതിനെ പറ്റിയും അശ്വന്ത് സംസാരിച്ചു.
‘അപര്‍ണ ബാലമുരളിയെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കൊട്ട പ്രമീള എന്ന് ഞാന്‍ പറഞ്ഞത് അവരുടെ കഥാപാത്രത്തിന്റെ പേരാണ്. എനിക്ക് മാറ്റി പറയാന്‍ പറ്റില്ലല്ലോ. നാഷണല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം അപര്‍ണ അഭിനയിച്ച സിനിമകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഇനി ഉത്തരം, കാപ്പ, തങ്കം എല്ലാം ഞാന്‍ കണ്ടു. ഇതിലെല്ലാം ഇവര്‍ ഒരേപോലെയാണ്. കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവും തോന്നുന്നില്ല. എക്‌സ്പ്രഷനെല്ലാം ഒരേപോലെ.
അപര്‍ണയുടെ കൊട്ട പ്രമീള എന്ന കഥാപാത്രത്തെ എടുത്തുപറഞ്ഞതാണ്. ഇതിലെ രസമെന്താണെന്ന് വെച്ചാല്‍ അവര്‍ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് മറ്റുള്ളവര്‍ക്ക് പ്രശ്‌നം. ചിലപ്പോള്‍ അവര്‍ വീഡിയോ കണ്ടുകാണില്ല. ചിലപ്പോള്‍ അവരുടെ പി.ആര്‍. ചെയ്യുന്ന ആരെങ്കിലുമായിരിക്കാം ഷെയര്‍ ചെയ്തത്,’ അശ്വന്ത് പറഞ്ഞു.
Content Highlight: you tuber aswanth kok about body shaming