മുംബൈ: ട്വിറ്ററിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ ഇസ്‌ലാമിസ്റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ലജ്ജയില്ലാതെ അസഹിഷ്ണുത കാണിക്കുകയാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.
വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും കങ്കണ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ട്വിറ്റര്‍ നിലകൊള്ളുന്നുവെന്ന ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു കങ്കണയുടെ വിമര്‍ശനം.
‘അഭിപ്രായ സ്വാതന്ത്ര്യത്തെ ട്വിറ്റര്‍ അംഗീകരിക്കുന്നു. അധികാരത്തോട് സത്യം സംസാരിക്കുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്’ എന്നായിരുന്നു സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ ട്വീറ്റ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയ നടപടിക്ക് പിന്നാലെയാണ് വിമര്‍ശനവുമായി കങ്കണ രംഗത്ത് എത്തിയത്. നേരത്തെ ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യയും രംഗത്ത് എത്തിയിരുന്നു.
ജനാധിപത്യ രാജ്യങ്ങളോടുള്ള ഭീഷണിയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് തേജസ്വി സൂര്യയുടെ വാദം. അമേരിക്കന്‍ പ്രസിഡന്റിനോട് ട്വിറ്ററിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമെങ്കില്‍ ലോകത്തുള്ള ആരോടും ഇത് ചെയ്യാന്‍ സാധിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു.
ട്വിറ്റര്‍ പോലുള്ള കമ്പനികള്‍ക്ക് മേല്‍ എത്രയും പെട്ടെന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന് നല്ലത് എന്നും തേജസ്വി സൂര്യ അവകാശപ്പെട്ടു.
ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക