'സാം പിത്രോഡ ജീ നിങ്ങള്‍ പരസ്യമായി മാപ്പ് പറയണം'; സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ പഞ്ചാബില്‍ രാഹുല്‍ഗാന്ധി
ലുധിയാന: സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് ‘കഴിഞ്ഞത് കഴിഞ്ഞു’ എന്ന് പ്രസ്താവന നടത്തിയ കോണ്‍ഗ്രസിന്റെ പ്രവാസിവിഭാഗം തലവന്‍ സാം പിത്രോഡയ്‌ക്കെതിരെ പഞ്ചാബില്‍ പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
‘1984 ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് സാം പിത്രോഡ പറഞ്ഞത് തെറ്റാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് ചോദിക്കണം. ഞാനിക്കാര്യം സ്വകാര്യമായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാന്‍ പരസ്യമായും പറയുകയാണ്.’ രാഹുല്‍ഗാന്ധി ലുധിയാനയിലെ ഖന്നയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലും പിത്രോഡയുടെ പ്രസ്താവനയെ രാഹുല്‍ഗാന്ധി തള്ളി പറഞ്ഞിരുന്നു. കലാപത്തില്‍ പങ്കാളികളായവര്‍ നൂറു ശതമാനം ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച സിഖ് കലാപത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് സാം പിത്രോഡ ‘കഴിഞ്ഞത് കഴിഞ്ഞു’ എന്ന് പറഞ്ഞിരുന്നത്. പ്രസ്താവനയില്‍ പിന്നീടദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.