| Friday, 18th November 2016, 4:09 pm

താനല്ല ബി.ജെ.പിയാണ് മാപ്പുപറയേണ്ടത്; വിവാദ പ്രസ്താവനയില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനല്ല, രാജ്യത്തെ 125 കോടി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ബി.ജെ.പിയാണ് മാപ്പു പറയേണ്ടതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.


ന്യൂദല്‍ഹി: രാജ്യസഭയില്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ഉറി ഭീകരാക്രമണവുമായി താരതമ്യം ചെയ്തു നടത്തിയ പ്രസ്തവനയില്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

താനല്ല, രാജ്യത്തെ 125 കോടി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ബി.ജെ.പിയാണ് മാപ്പു പറയേണ്ടതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് ഗുലാം നബി ആസാദും കോണ്‍ഗ്രസും രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടിരുന്നു.


കഴിഞ്ഞദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം നോട്ട് പിന്‍വലിക്കലിനെ ഭീകരാക്രമണത്തോട് താരതമ്യം ചെയ്തത്. നോട്ട് പിന്‍വലിച്ചതുമൂലം 40 പേര്‍ മരിച്ചുവെന്ന് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി. ഇതിന്റെ പകുതിപേര്‍ പോലും ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടില്ല. സര്‍ക്കാരിന്റെ തെറ്റായ നയമാണ് ജനങ്ങളുടെ ജീവനെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഗുലാം നബി ആസാദിന്റെ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചിരുന്നു. കൂടാതെ ഉറിയില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാരെ അവഹേളിച്ച പരാമര്‍ശത്തില്‍ ആസാദ് മാപ്പു പറയണമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. പരാമര്‍ശം പിന്നീട് സഭാ രേഖകളില്‍ നിന്നു നീക്കുകയായിരുന്നു.


അതേസമയം, 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം. ഇതേതുടര്‍ന്ന്, ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നല്‍കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more