ബംഗാള്‍ ഗവര്‍ണറെ ഒന്ന് നീക്കാമോ, പാര്‍ലമെന്റില്‍ മോദിയോട് സൗഗത റോയി; നിങ്ങള്‍ രാജിവെച്ചാല്‍ പരിഗണിക്കാമെന്ന് മറുപടി
India
ബംഗാള്‍ ഗവര്‍ണറെ ഒന്ന് നീക്കാമോ, പാര്‍ലമെന്റില്‍ മോദിയോട് സൗഗത റോയി; നിങ്ങള്‍ രാജിവെച്ചാല്‍ പരിഗണിക്കാമെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 1:32 pm

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ പുറത്താക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെ ആവശ്യത്തോട് വിചിത്രമായ രീതിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

പാര്‍ലമെന്റില്‍ വെച്ചായിരുന്നു സംഭവം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു മോദിയുമായി സൗഗത റോയി സൗഹൃദ സംഭാഷണം നടത്തിയത്.

ബജറ്റിന് ശേഷം പ്രധാനമന്ത്രി മോദി പ്രതിപക്ഷ നേതാക്കള്‍ ഇരിക്കുന്ന ബെഞ്ചിന് സമീപത്തേക്ക് എത്തുകയും ഓരോരുത്തരേയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോവുകയുമായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ അടുത്ത് വരെയെത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് വീണ്ടും പിന്നിലേക്ക് നടന്നു വരുമ്പോഴായിരുന്നു സൗഗത റോയ് പ്രധാനമന്ത്രി മോദിയോട് അപ്രതീക്ഷിതമായി ഗവര്‍ണറുടെ കാര്യം സംസാരിച്ചത്.

‘ദയവായി താങ്കള്‍ ബംഗാള്‍ ഗവര്‍ണറെ ഒന്നു നീക്കൂ. അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്’, എന്നായിരുന്നു സൗഗത റോയ് പറഞ്ഞത്.

എന്നാല്‍ നിങ്ങള്‍ വിരമിക്കാന്‍ തയ്യാറാണോ എന്നാല്‍ നമുക്കത് പരിഗണിക്കാമെന്നായിരുന്നു ഇതിനോടുള്ള മോദിയുടെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ അദ്ദേഹം തന്നോട് വിരമിക്കണമെന്ന് പറഞ്ഞത് തന്നെ ഗവര്‍ണര്‍ ആക്കാം എന്ന അര്‍ത്ഥത്തിലാണോ എന്ന് അറിയില്ലെന്നും തമാശയായി മാത്രമേ മോദിയുടെ പ്രതികരണത്തെ കാണുന്നുള്ളൂവെന്നുമാണ് സൗഗത റോയ് പ്രതികരിച്ചത്. എന്നാല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പുറത്താക്കാന്‍ താന്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്തത്. പശ്ചിമബംഗാളില്‍ ഗവര്‍ണറായി ധന്‍ഖറിനെ ബി.ജെ.പി നിയമിച്ചത് മമതയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൃണമൂല്‍ വിമര്‍ശിച്ചിരുന്നു.

ഗവര്‍ണറുടെ ചില നടപടിയില്‍ അതൃപ്തി അറിയിച്ച് താന്‍ പ്രധാനമന്ത്രിക്ക് ആറ് കത്തുകള്‍ എഴുതിയെന്നും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ധന്‍ഖറെ ബ്ലോക്ക് ചെയ്തതെന്നും മമതാ ബാനര്‍ജി അവകാശപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാറിനെ അടിമയെ പോലെയാണ് ഗവര്‍ണര്‍ കാണുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഒരുപാട് തര്‍ക്കങ്ങള്‍ക്ക് ശേഷം ഒരിക്കലും ശരിയാകില്ലെന്നും അതിന്റെ സൂചനകളിലൊന്നാണ് ‘സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറി’ എന്ന് അദ്ദേഹം പറഞ്ഞതെന്നും മമത കൂട്ടിച്ചേര്‍ത്തിരുന്നു.

‘ എന്നെയോ എന്റെ ഉദ്യോഗസ്ഥരെയോ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം (ജഗ്ദീപ് ധന്‍ഖര്‍) എല്ലാ ദിവസവും എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നു. ഭരണഘടനാ വിരുദ്ധവും അധാര്‍മികവുമായ കാര്യങ്ങള്‍ പറയുന്നു. അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അടിമയെ പോലെയാണ് പരിഗണിക്കുന്നത്. അതിനാലാണ് ഞാന്‍ അദ്ദേഹത്തെ എന്റെ ട്വിറ്ററില്‍ നിന്ന് ബ്ലോക്ക് ചെയ്തത്,’ മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2019 ലെ നിയമനം മുതല്‍ മമതാ ബാനര്‍ജിയുമായി സ്ഥിരമായി വിയോജിപ്പുള്ളയാളായിരുന്നു ബി.ജെ.പിയുടെ നേതാവായ ഗവര്‍ണര്‍. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു.

Content highlight: You retire…’: PM Modi quips after TMC MP urges Bengal Guv’s removal