| Sunday, 26th March 2023, 4:28 pm

നിങ്ങള്‍ രാജ്യത്തെ രക്ഷിക്കുന്നവരെ ശിക്ഷിക്കുന്നു; കൊള്ളയടിക്കുന്നവരെ വിദേശത്തയക്കുന്നു: മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീരവ് മോദി, ലളിത് മോദി തുടങ്ങിയ ഒളിച്ചോടിയവരെ കുറിച്ച് ഭരണപക്ഷത്തിന് എന്തിനാണ് വേവലാതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നിലപാടിനെതിരെ പ്രതികരിച്ച എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നുവെന്നും ദല്‍ഹിയില്‍ രാജ്ഘട്ടിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരു ദിവസത്തെ ‘സങ്കല്‍പ് സത്യാഗ്രഹ’യില്‍ അദ്ദേഹം പറഞ്ഞു.

‘ ഇത് ഒരു സത്യാഗ്രഹം മാത്രമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി സത്യാഗ്രഹങ്ങള്‍ രാജ്യത്തെമ്പാടും നടന്നു കൊണ്ടിരിക്കുകയാണ്.

ഭരണഘടന, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാന്‍ എന്ത് ത്യാഗവും ഞങ്ങള്‍ സഹിക്കും,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഒ.ബി.സി വിഭാഗങ്ങളെ അധിക്ഷേപിക്കുന്നുവെന്ന ബി.ജെ.പിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു.

‘ അവര്‍ ഇപ്പോള്‍ ഒ.ബി.സിയെ കുറിച്ച് സംസാരിക്കുകയാണ്. ലളിത് മോദി ഒ.ബി.സിയാണോ, നീരവ് മോദി ഒ.ബി.സിയാണോ, മെഹുല്‍ ചോക്‌സി ഒ.ബി.സിയാണോ, അവര്‍ ജനങ്ങളുടെ പണം കൊണ്ട് കടന്നുകളഞ്ഞവരാണ്.

നിങ്ങള്‍ രാജ്യത്തെ രക്ഷിക്കുന്നവരെ ശിക്ഷിക്കുകയും രാജ്യത്തെ കൊള്ളയടിക്കുന്നവരെ വിദേശത്തയക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി രാജ്യത്തെ സ്ത്രീകള്‍ക്കും യുവതയ്ക്കും വേണ്ടിയും തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനെതിരെയും പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദാനി വിഷയം വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഗാന്ധി വീണ്ടും അദാനി വിഷയം ഉയര്‍ത്തി കൊണ്ടുവരുമെന്ന ഭയം അവര്‍ക്കുണ്ട്. മോദിയുടെ നിരവധി പ്രസംഗത്തില്‍ ഗാന്ധി കുടുംബത്തെ കുറിച്ചുള്ള ഭയാനകമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ജനങ്ങള്‍ ഉദാരമതികളായത് കൊണ്ടാണ് മോദിക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാതിരുന്നത്. അവര്‍ പറഞ്ഞത് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത് ഒഴിവാക്കി വിടുക എന്നാണ്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പിന്തുണച്ച മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും അദ്ദേഹം നന്ദി പറഞ്ഞു.

‘ രാഹുല്‍ ജിക്ക് വേണ്ടി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുന്നത് സന്തോഷമുള്ളതാണ്. ജനാധിപത്യത്തെ രക്ഷിക്കാന്‍ ഈയൊരു സാഹചര്യത്തില്‍ എല്ലാവരും ചേര്‍ന്ന് നിന്നതില്‍ അവരോട് ഞാന്‍ നന്ദി പറയുന്നു. നൂറ് വട്ടം ഞാന്‍ അവരോട് നന്ദി പറയുന്നു,’ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

മാനനഷ്ടക്കേസില്‍ പ്രതിയാണെന്ന കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്.സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലായിരുന്നു നടപടി.

content highlight:You punish those who save the country; Deporting looters abroad: Mallikharjun Kharge

We use cookies to give you the best possible experience. Learn more